തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ക്കെതിരെ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തെലങ്കാനയില്‍ എത്തിയിരുന്നു. ബിജെപി കേന്ദ്ര നേതാക്കളും തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഈ വേളയിലാണ് ചൂട് പകര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍ പുതിയ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ടിആര്‍എസും ഒന്നിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടക്കുന്നത്. സീറ്റുകള്‍ സംബന്ധിച്ച്‌ ചില ധാരണകളുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇതുസംബന്ധിച്ച്‌ അറിയാമെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസും ടിആര്‍എസും ഉറപ്പായും ഒന്നിക്കും. 31 നിയമസഭാ സീറ്റുകളും നാല് ലോക്‌സഭാ സീറ്റുകളുമാണ് കോണ്‍ഗ്രസിന് ലഭിക്കുക. കോണ്‍ഗ്രസ് ബിജെപിക്കെതിരെ മാത്രം മല്‍സരിക്കും. ടിആര്‍എസിനെതിരെ അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. ഈ പദ്ധതി തയ്യാറാക്കിയത് ടിആര്‍എസ് കേന്ദ്രത്തില്‍ നിന്നാണ്. രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവില്‍ നിന്ന് അദ്ദേഹം പണം വാങ്ങിയിട്ടുണ്ടെന്നും ബണ്ടി സഞ്ജയ് കുമാര്‍ ആരോപിച്ചു.

തെലങ്കാനയില്‍ ബിജെപിയെ നേരിടാനുള്ള ആലോചനയിലാണ് എല്ലാ പാര്‍ട്ടികളും. കോണ്‍ഗ്രസും ടിആര്‍എസും ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി ഒന്നിക്കാനുള്ള സാധ്യതയമുണ്ടെന്നും ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു.

ടിആര്‍എസിനും ഉവൈസിക്കുമെതിരെ ശക്തമായ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മറ്റു രണ്ടു പാര്‍ട്ടികളും കോണ്‍ഗ്രസിനോട് സ്വീകരിക്കുന്ന സമീപനവും അങ്ങനെ തന്നെയാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ സഖ്യസാധ്യത കുറവാണ്. ബിജെപിയുടെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന ദുരഭിമാന കൊലപാതകം സംബന്ധിച്ചും ബണ്ടി സഞ്ജയ് കുമാര്‍ പ്രതികരിച്ചു. ദളിതുകളുടെയും ഹിന്ദുക്കളുടെയും വിഷയത്തില്‍ എന്തുകൊണ്ടാണ് ടിആര്‍എസ് പ്രതികരിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്‌റീന്‍ സുല്‍ത്താനയുമായി എന്തുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കാത്തത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.

എല്ലാ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യണം. ബിജെപി അധികാരത്തിലെത്തിയാല്‍ ഉറുദു അടിസ്ഥാനമാക്കി നടത്തിയ നിയമനങ്ങള്‍ റദ്ദാക്കും. കെസിആറിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നും ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു. കെസിആര്‍ മുഖ്യമന്ത്രിയായിട്ടല്ല, രാജാവിനെ പോലെയാണ് പെരുമാറുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നത്.