പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന് ഇനി കീഴടങ്ങേണ്ടി വരും.

സാമ്ബത്തികമായും വിജയ് ബാബുവിനെ പൂട്ടുകയാണ് കൊച്ചി പൊലീസ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നീട്ടിവച്ചതോടെ പൊലീസ് ശക്തമായ ഇടപെടല്‍ തുടങ്ങി. വിജയ് ബാബുവിനെ പിടികൂടാന്‍ ഉടന്‍ ഇന്റര്‍പോളും സജീവമാകും. ദുബായിലുണ്ടെന്ന് കരുതുന്ന സിനിമാക്കാരന് പ്രതിസന്ധി കൂടുകയാണ്. വിജയ് ബാബുവിന്റെ ഒടിടി മോഹങ്ങളും ഇനി നടക്കില്ല.

വിജയ് ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചു. ഇതോടെ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ വിജയ്ബാബുവിന്റെ ഫോട്ടോ അടക്കം കേസിന്റെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടും. അതു കഴിഞ്ഞാല്‍ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകാനും കഴിയില്ല. ദുബായില്‍ കേരളാ പൊലീസ് വിജയ് ബാബുവിനെ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയ് ബാബുവിന് ഇപ്പോള്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്തു പോലും ഇറങ്ങാനാകില്ല.

റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറത്തുവന്നാല്‍ നിയമപരമായി വിജയ്ബാബുവിനെ പിടികൂടി ദുബായ് പൊലീസ് ഇന്ത്യയിലേക്കു മടക്കി അയയ്ക്കും. ഇതു മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു വിജയ്ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് ദുബായിലും പൊലീസ് നിരീക്ഷണം. ദുബായില്‍ നിന്ന് അതീവരഹസ്യമായി വിജയ് ബാബു മുങ്ങിയാല്‍ അത് പൊലീസിന് തിരിച്ചടിയാകും. അതുകൊണ്ടാണ് കൂടുതല്‍ കുരുക്കുകള്‍ വിജയ് ബാബുവിന് ഒരുക്കുന്നത്.

പൊലീസിന്റെ പുതിയ നീക്കം വിജയ്ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളെയും പ്രതികൂലമായി ബാധിക്കും. വിദേശ മുതല്‍മുടക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്കു പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഒടിടി കമ്ബനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും വാറന്റിന്റെ പകര്‍പ്പ് കൈമാറാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇതും പൊലീസ് ഉടന്‍ ചെയ്യും.

സഹോദരന്‍ പ്രതിയായ ഗാര്‍ഹിക പീഡനക്കേസില്‍ കൂട്ടുപ്രതിയാക്കപ്പെട്ട ഹിന്ദി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കു ജാമ്യം ലഭിച്ചിട്ടു പോലും സമാന സാഹചര്യം നേരിട്ടിരുന്നു. കോടതി നവാസുദ്ദീനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് അദ്ദേഹം പങ്കാളിയായ സിനിമകള്‍ വാങ്ങാന്‍ ഒടിടി കമ്ബനികള്‍ തയാറായത്. വിജയ് ബാബുവിനും ഇതേ അവസ്ഥ വരും. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാണ് വിജയ് ബാബുവിനെ കാത്തിരിക്കുന്നത്. ഒടിടിയുടെ സാധ്യതകള്‍ മലയാളത്തില്‍ ആദ്യം തിരിച്ചറിഞ്ഞതും നേട്ടമുണ്ടാക്കിയതും വിജയ് ബാബുവായിരുന്നു. ഇതിന്റെ പേരില്‍ തിയേറ്റര്‍ ഉടമകളുമായി പ്രശ്‌നം പോലും ഉണ്ടായി.

വിജയ് ബാബുവിന്റെ സാമ്ബത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിജയ് ബാബുവിന്റെ സിനിമ നിര്‍മ്മാണക്കമ്ബനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുക. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വിജയ് ബാബുവിന്റെ സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ച പരാമര്‍ശമുണ്ട്. സമ്ബന്നരായ പ്രവാസികളെ സ്വാധീനിച്ച്‌ സിനിമാ നിര്‍മ്മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു ചെയ്തതിന്റെ തെളിവുകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.

മുമ്ബ് സൂര്യാ ടിവിയിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതില്‍ വിജയ് ബാബു സാമ്ബത്തിക വെട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീട് വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായി. വിജയ് ബാബുവിനെതിരെ ഇവര്‍ തെളിവ് നല്‍കിയതുമില്ല. ഇതോടെ സൂര്യാ ടിവി അധികാരികള്‍ സാമ്ബത്തിക വഞ്ചനക്കുറ്റം ചുമത്തി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.

നിലവില്‍ വിദശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനായി തെരച്ചില്‍ നടക്കുകയാണ്. അറസ്റ്റുചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായില്‍ ഇരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയ ഗുല്‍ഷനാണെന്ന് ഏവര്‍ക്കും അറിയാം. ഈ ഗുല്‍ഷന്‍ വിചാരിച്ചാല്‍ പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം വിജയ് ബാബുവിനെ പൂട്ടാനാണ് പൊലീസ് നീക്കം.

പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ത്ഥനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച ബ്ലൂകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. വിജയ് ബാബുവിന് സിറ്റി പൊലീസ് ഇ-മെയിലില്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.

18ന് മധ്യവേനലവധിക്കുശേഷമേ ഹൈക്കോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കൂ. ഹരജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണസംഘത്തിന് പ്രതീക്ഷയില്ല.