അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനെ അലട്ടാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. മനുഷ്യന്‍ സ്വതന്ത്രമായി ചിന്തിച്ചുതുടങ്ങിയ കാലം തൊട്ടുള്ള സംശയമാണിത്.

ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവിടെ നമ്മളെപ്പോലെ ചിന്തിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ജീവികളുണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. സാധാരണക്കാര്‍ മാത്രമല്ല ശാസ്ത്രത്തിന്റെ അതികായന്മാര്‍ എന്ന് നാം തമാശയ്ക്കെങ്കിലും വിശേഷിപ്പിക്കുന്ന നാസയിലെ ശാസ്ത്രജ്ഞര്‍ പോലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. അവരെ കാണാനും അവരോട് ആശയവിനിമയം നടത്താനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഭ്രാന്തന്‍ പ്രവര്‍ത്തികളെന്ന് പറയുന്ന ചില പദ്ധതികളും അവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു പദ്ധതി വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ ഭൂമിയിലേക്ക് ക്ഷണിക്കാനായി ഒരു സന്ദേശം അയക്കാന്‍ തയ്യാറെടുക്കുകയാണവര്‍. വെറും സന്ദേശമല്ല ചില ചിത്രങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ സന്ദേശത്തെ ഗാലക്സിയിലെ ബീക്കണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഈ ബീക്കണ്‍ ഭൂമിയിലെ മനുഷ്യനും അന്യഗ്രഹ ജീവികളും തമ്മിലുള്ള ആശയവിനിമയത്തിനായി ഒരു ചാനല്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ഇത് ആദ്യമായിട്ടല്ല അന്യഗ്രഹജീവികള്‍ക്കായുള്ള സന്ദേശം ഭൂമിക്ക് പുറത്തേക്ക് അയക്കുന്നത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ അടങ്ങിയ ഒരു സന്ദേശം ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത് 1974ലാണ്. ജീവന്റെ അടിസ്ഥാനമായ രാസവസ്തുക്കള്‍, മനുഷ്യന്റെ ഡി എന്‍ എയുടെ ഘടന, സൗരയൂഥത്തില്‍ ഭൂമിയുടെ സ്ഥാനം, ഒരു മനുഷ്യന്റെ രൂപം എന്നീ വിവരങ്ങളടങ്ങിയ റേഡിയോ സന്ദേശമാണ് അന്ന് പ്രക്ഷേപണം ചെയ്തത്.

പ്യൂര്‍ട്ടോറിക്കോയിലെ അരെസിബോ എന്ന ശക്തമായ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഏകദേശം അര നൂറ്റാണ്ട് മുമ്ബ് ശാസ്ത്രജ്ഞര്‍ ഈ വിവരങ്ങള്‍ ഭൂമിക്ക് വെളിയിലേക്ക് അയച്ചത്. ലളിതവും മനോഹരവുമായ ആ സന്ദേശം ഇപ്പോഴും ബഹിരാകാശത്തിന്റെ വിശാലതയില്‍ എവിടെയോ സഞ്ചരിക്കുന്നുണ്ടായിരിക്കണം. ഭൗതികശാസ്ത്രജ്ഞനായ കാള്‍ സാഗനും കോര്‍ണല്‍ അസ്‌ട്രോണമി പ്രൊഫസറായ ഫ്രാങ്ക് ഡ്രേക്കുമാണ് ഈ റേഡിയോ സന്ദേശം രൂപകല്‍പന ചെയ്തത്.

ഇത്രയും കാലമായിട്ടും ആ സന്ദേശത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചില്ല. അതിനാലാണ് കുറച്ചുകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സന്ദേശം കൂടി അയക്കാന്‍ നാസ തീരുമാനമെടുത്തത്. ഇതില്‍ കുറച്ചുകൂടി രസകരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗ്നരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് ഇത്തവണ അയക്കുന്നത്. ഈ ചിത്രം കണ്ടെങ്കിലും അവര്‍ ഭൂമിയിലേക്ക് വരട്ടെയെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഈ ചിത്രങ്ങള്‍ കണ്ടാല്‍ അന്യഗ്രഹ ജീവികളെ നാം ക്ഷണിക്കുകയാണെന്ന് മനസിലാക്കാനായി ആ പുരുഷനും സ്ത്രീയും കൈവീശി കാണിക്കുന്ന രീതിയിലാണ് സന്ദേശം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മനുഷ്യന്റെ ചിത്രങ്ങള്‍ക്കൊപ്പം നമ്മുടെ ഡി എന്‍ എ, രാസ ഘടന, ക്ഷീരപഥത്തിനുള്ളിലെ നമ്മുടെ സൗരയൂഥത്തിന്റെയും അതിനുള്ളിലെ ഭൂമിയുടെ കൃത്യമായ സ്ഥാനം, ഭൂമിയുടെ ഉപരിതലം, ആശയവിനിമയം സുഗമമാക്കുന്നതിനായി അടിസ്ഥാന ഗണിത ഭൗതിക ശാസ്ത്ര സമവാക്യങ്ങള്‍, എന്നീ വിവരങ്ങളും സന്ദേശത്തിലുണ്ടാകും. വലിയ ഗ്രാഫിക്സ് ചിത്രങ്ങളല്ല ഗാലക്സി ബീക്കണായി ഉപയോഗിക്കുന്നത്. വളരെ ലളിതമായ രീതിയില്‍ ബൈനറി കോഡിലാണ് ഇവ തയ്യാറാക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ ജൊനാഥന്‍ ജിയാംഗ് ആണ് പുതിയ സന്ദേശം രൂപകല്‍പന ചെയ്യുന്നത്.

ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള അഞ്ഞൂറ് മീറ്റര്‍ അപ്പെര്‍ച്ചറോടുകൂടിയ സ്‌ഫെറിക്കല്‍ ടെലിസ്‌കോപ്പും കാലിഫോര്‍ണിയയിലെ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലന്‍ ടെലിസ്‌കോപ്പ് അറേയും ഉപയോഗിച്ച്‌ ആകാശഗംഗയുടെ തിരഞ്ഞെടുത്ത ഒരു പ്രദേശത്തേക്കാണ് ഈ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ നക്ഷത്രഗണമായ ക്ഷീരപഥത്തില്‍ മാത്രം 5000 ലധികം ഗ്രഹങ്ങളാണ് അടുത്തിടെ നാസ കണ്ടെത്തിയത്. ഇവയില്‍ എതിലെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പഠിക്കുക ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സാദ്ധ്യമല്ല. അതിനാലാണ് അന്യഗ്രഹജീവികളെ ഇങ്ങോട്ട് വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നത്.