തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തോടെ യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി.സി. ജോര്‍ജിനു ബി.ജെ.പി. അഭയം നല്‍കും . അവര്‍ വാതില്‍ തുറന്നിട്ടു . മുമ്ബൊരിക്കല്‍ ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ള ജോര്‍ജ്ജ് ഇപ്പോള്‍ എല്ലാ മുന്നണിയും തഴഞ്ഞതോടെ ഒറ്റപ്പെട്ട് എങ്ങോട്ട് പോകണമെന്നറിയാതെ നില്‍ക്കുമ്ബോഴാണ് ഒറ്റ പ്രസംഗത്തോടെ ബി.ജെ.പി. ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുന്നത്‌.

കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെയും യു ഡി എഫിനെയും ബിജെപി യെയും സമീപിച്ചിരുന്നു . ആരും കൈകൊടുത്തില്ല ബിജെപി പോലും . ഇപ്പോള്‍ ബിജെപി നേതാക്കള്‍
ഉറക്കെപ്പറയാന്‍ മടിച്ചത്‌ ജോര്‍ജ്‌ തുറന്നുപറഞ്ഞെന്നു പറയുന്ന ബി.ജെ.പി. പ്രവര്‍ത്തകരുടെ വികാരം ജോര്‍ജിനൊപ്പമാണ്‌.

15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ജോര്‍ജിനെ ബിജെപിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നല്‍കും. ലൈംഗികപീഡനക്കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോര്‍ജിനു കേരളത്തിലെ ബിഷപ്പുമാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്‌.

ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി. കേരളത്തിലെ വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി ഏറെ കാലമായി ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട്‌.

അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയാക്കിക്കൊണ്ടു നടത്തിയ നീക്കവും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ ഉപയോഗിച്ച്‌ ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ പാട്ടിലാക്കാനുളള പദ്ധതിയാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവിഷ്‌കരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ജോര്‍ജിനെ കാത്തിരിക്കുന്നത്‌ വലിയ പദവികളാണെന്നാണു സൂചന.

മധ്യകേരളത്തില്‍ ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ അണിനിരത്തിയുള്ള പാര്‍ട്ടി രൂപീകരിക്കാനുളള നീക്കങ്ങള്‍ക്കും ജോര്‍ജ്ജ് മുതല്‍ക്കൂട്ടാകും . നിലവില്‍ മധ്യകേരളത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസും വിവിധ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടികളും വീതിച്ചെടുക്കുന്ന നിലയാണുള്ളത്‌. ഇതിലൊരു വീതം ക്രിസ്‌ത്യന്‍ പാര്‍ട്ടിയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞാന്‍ എന്‍.ഡി.എയുടെ അടിത്തറ വിപുലപ്പെടുത്താമെന്നു ബി.ജെ.പി. കണക്കുകൂട്ടുന്നു.

കാസ അടക്കമുള്ള ക്രിസ്‌ത്യന്‍ സംഘടനകള്‍ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അവരാരും രാഷ്‌ട്രീയ പാര്‍ട്ടിയല്ല. ഇവരെയെല്ലാം ഉള്‍പ്പെടുത്തി രാഷ്‌ട്രീയ പാര്‍ട്ടിയുടെ രൂപീകരണമാണു ബി.ജെ.പി.ലക്ഷ്യമിടുന്നത്‌.

തെക്കന്‍ കേരളത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘടനയില്‍ പെന്തക്കോസ്‌ത്‌ വിഭാഗങ്ങളെയും സഹകരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ ക്രിസ്‌ത്യന്‍ സംഘടനകളുടെ സഹായത്തോടെ ഇവരുടെ പിന്തുണ ഉറപ്പാക്കാനാണ്‌ ശ്രമം നടക്കുന്നത്‌. ഈ രണ്ട്‌ ഗ്രൂപ്പുകളെയും ഒരു കുടക്കീഴില്‍ നിര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കും .