മകന്റെ വായില്‍ സിഗരറ്റ് വച്ച ശേഷം തോക്ക് കൊണ്ട് അഭ്യാസപ്രകടനവുമായി പിതാവ്. തന്റെ ഷൂട്ടിംഗ് വൈദഗ്‌ദ്ധ്യം കാണിക്കുന്നതിനായി ഇയാള്‍ മകന്റെ വായിലിരിയ്ക്കുന്ന സിഗരറ്റിന് നേരെ എ.കെ 47 ഉപയോഗിച്ച്‌ നിറയൊഴിച്ചു. ഇറാക്കില്‍ നടന്ന ഞെട്ടിക്കുന്ന ഈ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്.

പിതാവ് പറയുന്നതു പോലെ തന്നെ സിഗരറ്റ് കുട്ടി വായില്‍ വച്ച്‌ നില്‍ക്കുന്നുണ്ട്. മകനോട് സിഗരറ്റ് വായില്‍ പിടിക്കാന്‍ പിതാവ് തന്നെയാണ് ആവശ്യപ്പെടുന്നത്. പിന്നാലെ സിഗരറ്റിനെ ലക്ഷ്യമാക്കി കെെയിലിരുന്ന കലാഷ്‌നിക്കോവ് ഉപയോഗിച്ച്‌ ഇയാള്‍ വെടിവച്ചു.

ഇറാക്കി ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇറാക്കിലെ ഒരു സ്‌നൈപ്പര്‍ തന്റെ കഴിവ് തെളിയിക്കാനായി ഒരു കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തുകയാണെന്ന് ഇവര്‍ ട്വീറ്റ് ചെയ്‌തു.

ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിന് മുന്‍പും ഇറാക്കില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ വായില്‍ ഉണ്ടായിരുന്ന ലക്ഷ്യത്തിലേക്ക് ഒരാള്‍ വെടിയുതിര്‍ത്തുവെന്ന വാര്‍ത്തകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.