റഷ്യ ഉക്രൈനില്‍ നേരിടുന്ന കനത്ത പ്രതിരോധം, തായ്‌വാന്‍ അധിനിവേശത്തെക്കുറിച്ചുള്ള ചൈനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുവെന്ന് അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി. സംഘടനാ മേധാവിയായ വില്യം ബേണ്‍സാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

എളുപ്പത്തില്‍ ചെറിയ രാജ്യമായ ഉക്രൈന്‍ കീഴടക്കാമെന്ന കണക്കുകൂട്ടലോടു കൂടിയാണ് റഷ്യ ഫെബ്രുവരി അവസാനത്തോടെ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. എന്നാല്‍, കനത്ത പ്രതിരോധമാണ് റഷ്യന്‍ സൈനികര്‍ക്ക് ഉക്രൈനില്‍ നേരിടേണ്ടി വന്നത്. ചുരുങ്ങിയ ചെലവില്‍, റഷ്യന്‍ സൈന്യത്തിന് കനത്ത നാശം വരുത്താവുന്ന ആയുധങ്ങള്‍ യൂറോപ്യന്‍ സഖ്യങ്ങളും അമേരിക്കയും ഉക്രൈന് നല്‍കിയിരുന്നു. ഇത് റഷ്യന്‍ ട്രൂപ്പുകള്‍ക്ക് കനത്ത നാശം വിതച്ചു.

നിലവില്‍, അധിനിവേശം ആരംഭിച്ച്‌ എഴുപതിലധികം ദിവസം പിന്നിട്ടിട്ടും റഷ്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ, ചെറിയ രാഷ്ട്രമായ തായ്‌വാനെ എളുപ്പം കീഴടക്കാമെന്ന വന്‍ശക്തിയായ ചൈനയുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുകയാണ്. കനത്ത പ്രതിരോധം തന്നെ തായ്‌വാനില്‍ നേരിടേണ്ടി വരുമെന്നാണ് ചൈന ഈ സംഭവത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് സിഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.