ബ്രി ട്ടനില്‍ റോളക്സ് വാച്ച്‌ മോഷ്ടാക്കള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു.

ക്ലീനര്‍മാര്‍ എന്ന ഭാവത്തില്‍ എത്തിയ രണ്ട് കിഴക്കന്‍ യൂറോപ്യന്‍ സ്ത്രീകളാണ് ഇത്തവണ വാച്ച്‌ മോഷ്ടിച്ചത്. ഒരു വീടിന്റെ വാതിലില്‍ മുട്ടുകയും, വീട്ടുടമസ്ഥന്‍ വാതില്‍ തുറന്ന ഉടനെ അയാളുടെ കൈയിലുണ്ടായിരുന്ന വാച്ച്‌ പൊട്ടിച്ചെടുത്ത് മുങ്ങുകയുമായിരുന്നു അവര്‍.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി തെക്കന്‍ ഇംഗ്ലണ്ടിലെ പലയിടങ്ങളിലും റോളക്സ് റിപ്പര്‍മാര്‍ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള സംഘം വിലസുന്നുണ്ട്. വേനല്‍ക്കാലം എത്തിയതോടെ ജനങ്ങള്‍ അല്പ വസ്ത്ര ധാരികളായി പുറത്തിറങ്ങാന്‍ തുടങ്ങിയത് ഇവരുടെ ജോലി കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. സ്ലീവ് ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ വാച്ചുകള്‍ പുറത്ത് കാണും എന്നതിനാല്‍ അത് പൊട്ടിച്ചെടുക്കാനും എളുപ്പമാകും.

പ്രധാനമായും ഇരയുടെ ശ്രദ്ധ മറ്റേതെങ്കിലും വസ്തുക്കളിലേക്ക് തിരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. വെന്‍ഡോവറില്‍ നടന്ന സംഭവത്തില്‍ വീട്ടിലെത്തിയ രണ്ടു സ്ത്രീകള്‍ ഒരു നമ്ബര്‍ എഴുതാനായി ഒരു കഷണം കടലാസ് ആവശ്യപ്പെടുകയായിരുന്നു. ഒരു യുവതി കടലാസില്‍ ഏതോ നമ്ബര്‍ കുറിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റെ യുവതി വീട്ടുടമസ്ഥനെ ദൃഢമായി ആലിംഗനം ചെയ്തു. അവര്‍ പോയിക്കഴിഞ്ഞപ്പോഴാണ് വാച്ച്‌ മോഷണം പോയ വിവരം അയാള്‍ അറിയുന്നത്.

ഏകദേശം 5 അടി 9 ഇഞ്ചോളം ഉയരം വരുന്ന രണ്ടു യുവതികളും വെള്ളക്കാരായിരുന്നു എന്നും അവര്‍ കിഴക്കന്‍ യൂറോപ്യന്‍ ശൈലിയിലുള്ള ഇംഗ്ലീഷാണ് സംസാരിച്ചതെന്നും പൊലീസ് പറയുന്നു. കറുപ്പിനോട് സമാനമായ ഇരുണ്ട നിറമുള്ള കോട്ടുകളും ട്രൗസറുകളുമായിരുന്നു ഇരുവരും ധരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 50 ല്‍ ഏറെ ഇടങ്ങളില്‍ അവര്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയില്‍ റോളക്സ് വാച്ച്‌ മൊഷ്ടിക്കാന്‍ എത്തിയ കള്ളന്മാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഒരു 64 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപരിചിതരായ യുവതികളുമായി സമ്ബര്‍ക്കം പുലര്‍ത്തരുതെന്ന് സമ്ബന്നരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമ്ബന്നരായവരെയാണ് റോളക്സ് റിപ്പര്‍മാര്‍ ഉന്നം വയ്ക്കുന്നത്. ഹാംപ്ഷയറില്‍ മാത്രം കഴിഞ്ഞ 16 മാസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള 16 മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പരാതികളില്‍ ഒപ്പ് വയ്ക്കാന്‍ ആവശ്യപ്പെട്ടും, സര്‍വ്വേ നടത്തുന്നവരായി നടിച്ചുമൊക്കെ ഇവര്‍ നിങ്ങളുടെ വീട്ടിലും എത്തിയേക്കാം. ചിലപ്പോള്‍ നഴ്സുമാരുടെ യൂണിഫോം ധരിച്ചും എത്തും. സംഭാഷണങ്ങളിലൂടെ ആകര്‍ഷിച്ച്‌ ശ്രദ്ധ തിരിച്ചോ അല്ലെങ്കില്‍ ആലിംഗനം ചെയ്യുന്നതിനിടയിലോ ആയിരിക്കും ഇവര്‍ നിങ്ങളറിയാതെ കൈത്തണ്ടയില്‍ നിന്നും റോളക്സ് വാച്ച്‌ തട്ടിയെടുക്കുക. അതുകൊണ്ടു തന്നെ അപരിചിതരായ സ്ത്രീകളില്‍ നിന്നും അകലം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.