മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്വതന്ത്ര എം.പി നവനീത് റാണ. മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ശ്രീരാമന്‍റെ പേര് ഉപയോഗിച്ചതിന് ജയിലിലും ലോക്കപ്പിലും താന്‍ ആക്രമണത്തിനിരയായെന്നും അവര്‍ ആരോപിച്ചു.

സംസ്ഥാനത്തെ ഏത് ജില്ലയില്‍നിന്നും തനിക്കെതിരെ മത്സരിച്ച്‌ വിജയിക്കാന്‍ റാണ താക്കറെയെ വെല്ലുവിളിച്ചു. ‘നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ സംസ്ഥാനത്തെ ഏതു ജില്ലയില്‍നിന്നും മത്സരിച്ചോളു. ഞാന്‍ താങ്കള്‍ക്കെതിരെ മത്സരിക്കും. ജനം അപ്പോള്‍ ആരെയാണ് തെരഞ്ഞെടുക്കുക എന്ന് കാണാം’ -റാണ പറഞ്ഞു.

ചികിത്സക്കുശേഷം ലീലാവതി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി പുറത്തിറങ്ങിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയായ മാതോശ്രീക്കു മുന്നില്‍ ഹനുമാന്‍ കീര്‍ത്തനം ജപിക്കുമെന്ന് വെല്ലുവിളിച്ചതിന് കഴിഞ്ഞ ഏപ്രില്‍ 23ന് രാജ്യദ്രോഹ കുറ്റം ചുമത്തി നവനീത് റാണയെയും ഭര്‍ത്താവും എം.എല്‍.എയുമായ രവിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് ഇരുവരും ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഹനുമാന്‍ കീര്‍ത്തന ജപിക്കുന്നത് കുറ്റമാണെങ്കില്‍ 14 ദിവസങ്ങളല്ല, 14 വര്‍ഷങ്ങള്‍ വരെ ജയിലില്‍ കിടക്കാന്‍ താന്‍ തയാറാണ്. ഒരു സ്ത്രീയെ 14 ദിവസം ജയിലില്‍ അടച്ച്‌ അവരുടെ ശബ്ദം അടിച്ചമര്‍ത്താമെന്ന് അവര്‍ വിചാരിച്ചാല്‍ അത് നടക്കില്ല. ഞങ്ങളുടെ പോരാട്ടം ദൈവത്തിന്റെ നാമത്തിലാണ്, അത് തുടരുമെന്നും റാണ പ്രതികരിച്ചു.