കൂട്ടയൊപ്പിട്ടു മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പുറത്തുവിട്ടതിന്റെ വൈരാഗ്യത്തില്‍ പൊതുപ്രവര്‍ത്തകനെ വനിതാ ഡോക്ടര്‍മാര്‍ കൂട്ടമായെത്തി ആക്രമിച്ചു.

ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ ആണ് സംഭവം. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ‍വകുപ്പിലെ സയന്റിഫിക് ഓഫിസര്‍ കൂടിയായ പൊതുപ്രവര്‍ത്തകനാണു റോയപുരം പൊലീസില്‍ പരാതി നല്‍കിയത്. ജോലിക്കെത്താതെ മുങ്ങി നടന്ന് ഒടുവില്‍ റജിസ്റ്ററില്‍ കൂട്ട ഒപ്പിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണു സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചത്. സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പി.ജി.

ഡോക്ടറുമാരുടെ തട്ടിപ്പ് ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ വന്‍ പ്രതിഷേധമുയര്‍ന്നു. ഇതോടെ കോളജ് അധികാരികള്‍ അന്വേഷണം പ്രഖ്യാപിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കോളജിലെ ഫൊറന്‍സിക് വകുപ്പിലെ സയന്റിഫിക് ഓഫിസര്‍ ലോകനാഥന് അന്വേഷണ സമിതി സമയന്‍സ് അയച്ചു. കഴിഞ്ഞദിവസം ഓഡിറ്റോറിയത്തില്‍ നടന്ന തെളിവെടുപ്പില്‍ വാദങ്ങള്‍ എഴുതി നല്‍കുന്നതിനിടെയാണു വനിതാ ഡോക്ടറുമാരുടെ കൂട്ട ആക്രമണം.

ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള മുറിയിലേക്കു വരാന്‍ ആവശ്യപ്പെട്ട സംഘത്തോടു പറ്റില്ലെന്ന് ലോകനാഥന്‍ പറഞ്ഞു. പിറകെ വനിതാ ഡോക്ടര്‍മാരുടെ സംഘം ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയുമായിരുന്നു. നാല്‍പതില്‍ അധികം വരുന്ന വനിതാ ഡോക്ടര്‍മാരാണ് ആക്രമിച്ചതെന്ന് റോയപുരം പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. അതേ സമയം ആക്രണത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.