ഹിഡിംബിയെ ആരാധിക്കുന്ന വളരെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മണാലിയില്‍ സ്ഥിതിചെയ്യുന്ന ഹിഡിംബ ദേവി ക്ഷേത്രം. അത്യന്തം നിഗൂഢമായ എന്തോ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നതായി ആദ്യ നോട്ടത്തില്‍ തന്നെ നമുക്ക് അനുഭവപ്പെടാന്‍ സാധിക്കും.

പതിനാറാം നൂറ്റാണ്ടില്‍ (വര്‍ഷം 1553) മഹാരാജാ ബഹദൂര്‍ സിംഗ് പണി പൂര്‍ത്തിയാക്കിയ, പഴമയുടെ പ്രൗഡിയോടെ നിലനില്‍ക്കുന്ന മനോഹരമായ ഒരു ക്ഷേത്രം.

ക്ഷേത്രത്തിന്റെ രൂപകല്പന, ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി ഈ രണ്ട് കാര്യങ്ങള്‍ തന്നെയായിരുന്നു ഏതൊരാളെയും പോലെ എന്നെയും ആകര്‍ഷിച്ചത്. സൂര്യപ്രകാശം കടന്നുവരാന്‍ നാണിക്കുന്ന, ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങള്‍ക്ക് ഇടയില്‍ മലമുകളിലാണ് ക്ഷേത്രം.

നാലു തട്ടുകളിലായി പഗോ‍ഡ മാതൃകയില്‍ ആണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. മൂന്ന് തട്ടുകള്‍ മരത്തിലും, ഏറ്റവും മുകളിലെ തട്ട് കോണ്‍ മാതൃകയില്‍ പിച്ചളയിലുമാണ് നിര്‍മിച്ചിട്ടുള്ളത്.

ക്ഷേത്രത്തിന്റെ പുറം ചുമരുകള്‍ എല്ലാം തന്നെ പ്രധാനമായും കല്ലും, മരവും, മണ്ണും ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ചുമരുകളില്‍ എല്ലാം ക്ഷേത്രത്തില്‍ ബലി കൊടുത്ത മൃഗങ്ങളുടെ കൊമ്ബുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി കാണാം.