മഞ്ഞു തടാകങ്ങള്‍ മുതല്‍ ആവിപറക്കുന്ന അഗ്നിപര്‍വത തടാകങ്ങള്‍ വരെ സമൃദ്ധമായുള്ള ന്യൂസിലന്‍ഡില്‍ ആരും കാണാതെ ഒരു അദ്ഭുത തടാകം ഒളിഞ്ഞിരിപ്പുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ തടാകങ്ങളിലൊന്നിലെ ഒരു ദ്വീപിലാണ് അരെതുസ എന്നു പേരായ ഈ തടാകം. ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ഒട്ടാഗോ മേഖലയിലുള്ള വനാക തടാകത്തിലെ മൗ വാഹോ ദ്വീപിലാണ് ശുദ്ധജല തടാകമായ അരെതുസ സ്ഥിതിചെയ്യുന്നത് ദക്ഷിണ ആല്‍പ്സ് പര്‍വതനിരകളുടെ താഴെയായാണ് വനാകാ തടാകം.

ന്യൂസിലന്‍ഡിലെ നാലാമത്തെ ഏറ്റവും വലിയ തടാകമായ വനാകാ തടാകം, സമുദ്രനിരപ്പില്‍ നിന്നും 300 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 192 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട്. വനാകയെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാമെങ്കിലും, മിക്ക ന്യൂസിലന്‍ഡുകാരും അരെതുസ തടാകത്തെക്കുറിച്ച്‌ കേട്ടിട്ട് പോലുമില്ല.