അതിമനോഹര കാഴ്ചകളുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ചിത്രകൂടിലേക്കുള്ള വഴിയും യാത്രയും ഏതൊരു സഞ്ചാരിയെയും ഹരം പിടിപ്പിക്കുന്നതാണ്. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലാണ് ജഗദല്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ സ്ഥലമെന്നു നിസംശയം പറയാവുന്ന ധാരാളം കാഴ്ചകള്‍ ഇവിടെയുണ്ട്.

ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്ത്യന്‍ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം കാണാം. ഇന്ദ്രാവതി നദിയിലാണിത് സ്ഥിതി ചെയ്യുന്നത്. നയാഗ്ര പോലെ കുതിരലാടത്തിന്റെ ആകൃതിയില്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വീതിയേറിയ ചിത്രകൂട് വെള്ളച്ചാട്ടവുമുള്ളത്.

വര്‍ഷക്കാലത്തു ഉഗ്രരൂപം പ്രാപിക്കുന്ന വെള്ളച്ചാട്ടം, വേനലില്‍ തീരെ ശാന്തമായാണ് താഴേയ്ക്ക് പതിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ തടാകത്തിലൂടെ ബോട്ടില്‍ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഛത്തിസ്ഗഢ് വിനോദസഞ്ചാര വകുപ്പിന്റെ ആഡംബര ഹോട്ടല്‍ ഈ വെള്ളച്ചാട്ടത്തിനു സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്കു താമസത്തിനായി ഇവിടം തെരെഞ്ഞെടുക്കാവുന്നതാണ്.

കൊടുംസര്‍ ഗുഹ

1327 നീളമുള്ള ഈ പ്രകൃതിദത്ത ഗുഹയ്ക്ക് 35 മീറ്റര്‍ ആഴമുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹകളില്‍ രണ്ടാം സ്ഥാനം കൊടുംസര്‍ ഗുഹയ്ക്കാണ്.

ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് ഗുഹയ്ക്കുള്ളിലേയ്ക്ക് പ്രവേശനം. ചുണ്ണാമ്ബുകല്ലുകളാല്‍ രൂപമെടുത്തിട്ടുള്ള നിരവധി രൂപങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഗുഹയുടെ മുകള്‍ഭാഗത്തു നിന്നും താഴേക്ക് വളരുന്ന സ്റ്റാലക്റ്റൈറ്റ് പാറകളും ഗുഹയുടെ താഴെ നിന്നും മുകളിലേക്കു വളരുന്ന സ്റ്റാലഗ്മൈറ്റ് പാറകളും ഇവിടെ കാണാവുന്നതാണ്. ആയിരകണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് ഗുഹയ്ക്കുള്ളില്‍ ഇത്തരം അദ്ഭുതങ്ങള്‍ പിറവിയെടുത്തിരിക്കുന്നത്.

കൊടുംസര്‍ ഗുഹയിലെ മറ്റൊരു വിസ്മയ കാഴ്ച കണ്ണില്ലാത്ത മത്സ്യങ്ങളാണ്. ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന ചെറു നദിയില്‍ ഈ മത്സ്യങ്ങളെ കാണാന്‍ സാധിക്കും. മഴക്കാലത്തു ഇതിനുള്ളിലേക്ക് പ്രവേശനമില്ല. ഗുഹയിലൂടെ ഒഴുകുന്ന നദി ഉഗ്രരൂപം പ്രാപിക്കുന്നതു കൊണ്ട് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ സന്ദര്‍ശകരെ അനുവദിക്കുകയില്ല.