ഭൂമിയിലെ ഗ്ലേഷിയറുകള്‍ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്ബോള്‍ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാര്‍ടിക്കിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുപാളികള്‍ മാറ്റിവച്ചാല്‍ ലോകത്തെ മൂന്നാമത്തെ വലിയ ശുദ്ധജലശേഖരംകൂടിയാണ് ഈ ഹിമാനി. അര്‍ജന്റീനയിലെ പടാഗോണിയന്‍ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയര്‍. എത്തിച്ചേരാനുള്ള സൗകര്യം, പ്രകൃതി വിസ്മയങ്ങള്‍ ആസ്വദിക്കാനുള്ള അവസരം, താല്‍പര്യമുള്ളവര്‍ക്കു സാഹസികമായ ട്രെക്കിങ് സാധ്യത എന്നിവയാണ് ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്നു 2100 മീ ഉയരത്തില്‍ ആന്‍ഡിസ് പര്‍വതനിരയിലെ സതേണ്‍ പടാഗോണിയന്‍ മഞ്ഞുപാടത്തു തുടങ്ങി സമുദ്രനിരപ്പില്‍നിന്ന് വെറും 180മീ ഉയരത്തിലുള്ള അര്‍ജന്റിനോ തടാകം വരെ നീണ്ടു കിടക്കുന്നു പെരിറ്റോ മൊറേനോ ഗ്ലേഷിയര്‍. ഉദ്ദേശം 30 കിലോ മീറ്റര്‍ നീളമുണ്ട് ഹിമാനിക്ക്.