പൊന്നും വിലയുള്ള താരമാണ് തിരുതമീനിപ്പോൾ, അപൂർവ്വങ്ങളിൽ അപൂർവ്വമായ മീനാണിതെന്നാണ് കൊച്ചിയിലെ വ്യാപാരികൾ പറയുന്നത്. ഓരോ കഷ്ണത്തിനാണ് വില, 800 രൂപവരെ വരാം. മുട്ട തിരുതയ്ക്കാണ് ആവശ്യക്കാർ. നല്ല നാടൻ രീതിയിൽ മണ‍ചട്ടിയിൽ തിരുതക്കറി വയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • തിരുത – 1 1/2 കിലോഗ്രാം
  • സവാള (വലുത്) – 1 എണ്ണം
  • ഇഞ്ചി ചതച്ചത് – 2 വലിയ കഷ്ണം
  • വെളുത്തുള്ളി – 14 അല്ലി
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി – 1/2– 3/4 ടേബിൾ സ്പൂൺ
  • കശ്മീരി മുളകുപൊടി – 1 3/4 ടേബിൾ സ്പൂൺ
  • മുളകുപൊടി – 3/4 ടേബിൾ സ്പൂൺ
  • കുടംപുളി – ആവശ്യത്തിന്
  • ഉലുവ പൊടി– 1/2 ടേബിൾ സ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ

മുള്ളില്ലാതെ വൃത്തിയാക്കിയ നത്തോലി, അച്ചാർ രുചിയിൽ കേമൻ

പാകം ചെയ്യുന്ന വിധം

അടുപ്പിൽ ഒരു മൺചട്ടി വച്ച് ചൂടായ ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്ക് കനംകുറച്ച് അരിഞ്ഞ സവാളയും ചതച്ച ഇഞ്ചിയും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി ഒന്നു മൊരിഞ്ഞു ഗോൾഡൻ കളർ ആകുമ്പോൾ ഇതിലേക്ക് അരടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. മഞ്ഞൾപ്പൊടി നന്നായി മൊരിഞ്ഞു വരുമ്പോൾ ഒന്നേമുക്കാൽ േടബിൾ സ്പൂൺ കശ്മീരി മുളകുപൊടിയും മുക്കാൽ ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ആവശ്യത്തിനു വെള്ളം ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് കുടംപുളി ചേർത്ത് ഇത് നന്നായി തിളച്ചതിനു ശേഷം ഉപ്പും മീൻ കഷണങ്ങളും ചേർക്കുക. അതിനുശേഷം അര ടേബിൾ സ്പൂൺ ഉലുവ വറുത്ത് പൊടിച്ചതും കൂടി ചേർത്ത് കറി മൂടി വച്ച് വേവിക്കുക.

കറി നന്നായി തിളച്ച ശേഷം ഉപ്പു നോക്കി വേണമെങ്കിൽ ഉപ്പും കുറച്ചു കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാം. കുടുംപുളിയിട്ട് മീന്‍ കറി വയ്ക്കുമ്പോൾ ഒരുപാട് വെള്ളം ചേർക്കരുത്. അങ്ങനെ ചേർത്താൽ ഗ്രേവിക്ക് കൊഴുപ്പു കിട്ടില്ല. മീൻ വെന്തു കഴിയുമ്പോൾ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് കറി അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം.