കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. കപ്പ് കേക്ക്, കവര്‍ കേക്ക് തുടങ്ങി പലതരത്തിലുളള കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ അതിലും രുചികരവും ആരോഗ്യകരവുമായ കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. കേക്ക് തയ്യാറാക്കാന്‍ ഓവന്‍ ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. കുക്കറിലും വളരെ എളുപ്പത്തില്‍ കേക്ക് തയ്യാറാക്കാം. ഗോതമ്ബുപൊടിയും ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച്‌ സ്വാദിഷ്ടമായ കേക്ക് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായി ആദ്യം ഏത്തപ്പഴവും ശര്‍ക്കരയും മിക്‌സിയുടെ ജാറില്‍ അടിച്ചെടുക്കുക.

ഗോതമ്ബുപൊടിയില്‍ ബേക്കിങ് പൗഡര്‍, ജാതിക്ക പൊടിച്ചത്, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്ത് രണ്ടു തവണ നന്നായി അരിച്ചെടുക്കുക. തൈരില്‍ ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഏത്തപ്പഴവും ശര്‍ക്കരയും വാനില എസന്‍സും ചേര്‍ക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പിന്നീട് ഒരു പാത്രത്തില്‍ കുറച്ച്‌ ഓയില്‍ ഒഴിച്ച്‌ നന്നായി തേച്ചു പിടിപ്പിക്കുക.

ഇതില്‍ ഒരു ബട്ടര്‍ പേപ്പര്‍ വെച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക. കുക്കറില്‍ നിന്നും വാഷറും വെയ്റ്റും ഊരി മാറ്റിയശേഷം അഞ്ച് മിനിറ്റ് ചൂടാക്കുക. അതിനു ശേഷം തുറന്ന് പാത്രം അതിലേക്ക് വയ്‌ക്കുക. അഞ്ച് മിനിറ്റ് ഹൈ ഫ്‌ലെയിമില്‍ ഇട്ടശേഷം അഞ്ച് മിനിറ്റ് ചൂടാക്കുക. അതിനു ശേഷം തുറന്ന് കേക്ക് പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ കേക്ക് തയ്യാര്‍.