സാങ്കേതിക വിദ്യ വളരെയധികം വളർച്ച പ്രാപിച്ചൊരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. നമ്മുടെ വിരൽ തുമ്പിൽ ഈ ലോകം മുഴുവൻ ഒതുക്കാവുന്ന കണ്ടുപിടുത്തങ്ങൾ, ഏത് സാധനവും ഒരു ക്ലിക്കിൽ നമ്മുടെ അടുത്തേക്ക്, വൈദ്യ സഹായവും വിദ്യാഭ്യാസവുമെല്ലാം വിരൽ തുമ്പിൽ നമുക്ക് അരികിലേക്ക് എത്തുന്ന കാഴ്ച്ച. ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ആപ്പാണ് ഫുഡ് ഡെലിവറി ആപ്പുകൾ. വീട്ടിലേക്കുള്ള സാധനങ്ങളും പച്ചക്കറിയും ഭക്ഷണവും തുടങ്ങി എല്ലാ സാധനങ്ങളും ഇപ്പോൾ വീട്ടിലെത്തും.

അതിൽ മുന്നിൽ തന്നെയുണ്ട് സ്വിഗ്ഗി. എന്നാൽ പുതിയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കുകയാണ് ഒരുങ്ങുകയാണ് കമ്പനി. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ തുടങ്ങിയത്. അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും ഇപ്പോൾ. ആ മത്സരത്തിൽ മുന്നിൽ എത്താൻ തന്നെയാണ് സ്വിഗ്ഗിയുടെ ശ്രമവും.

പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗത കുരുക്ക്. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകും. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴിഏതു സമയത്തും ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സാധിക്കും.