ഫേസ്‍ബുക്കിലൂടെ പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിന് ദുബൈ കോടതി ശിക്ഷ വിധിച്ചു. 35 വയസുകാരനായ ആഫ്രിക്കക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു മസാജ് സെന്ററിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങിയാണ് ഇയാള്‍ പ്രവാസിയെ തട്ടിപ്പിന് ഇരയാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ പരസ്യം കണ്ട് അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റിന് മുന്നിലെത്തിയ പ്രവാസിയെ ആഫ്രിക്കക്കാരനും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. പേഴ്‍സും ഫോണും കൈക്കലാക്കിയ ശേഷം കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞുകൊടുക്കാനാവശ്യപ്പെട്ട് മര്‍ദിച്ചു. പിന്‍ കിട്ടിയതോടെ കൈകള്‍ കെട്ടിയിട്ട ശേഷം എല്ലാവരും പുറത്തുപോയി.

മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തിയ സംഘം പേഴ്‍സും ഫോണും തിരികെ നല്‍കുകയും ശേഷം സ്ഥലംവിടുകയുമായിരുന്നു. കൈകള്‍ കെട്ടിയിട്ടിരുന്നെങ്കിലും ഏറെ നേരത്തെ പരിശ്രമം കൊണ്ട് കെട്ടുകള്‍ അഴിക്കാന്‍ സാധിച്ചു. പിന്നീട് പരിശോധിച്ചപ്പോളാണ് 600 ദിര്‍ഹം ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായി മനസിലായത്. കാര്‍ഡ് ഉപയോഗിച്ച് 66,000 ദിര്‍ഹത്തിന് തട്ടിപ്പു സംഘം സാധനങ്ങള്‍ വാങ്ങുകയും ചെയ്‍തു.

പ്രവാസി വിവരമറിയിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. പ്രതികളിലൊരാളെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഒരു പ്രതിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 67,000 ദിര്‍ഹം പിഴയും വിധിച്ചു.