സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ മൂന്നാം ദിനവും കണ്ടെത്താനായില്ല. 39 വനവാസി വാച്ചർമാർ ഉൾപ്പടെ 52 വനം വകുപ്പ് ജീവനക്കാരാണ് സൈരന്ധ്രി വനത്തിൽ ഇന്ന് തെരച്ചിൽ നടത്തിയത്. തിരച്ചിൽ നാളെയും തുടരുമെന്ന് സൈലന്റ് വാലി ഡിഎഫ്ഒ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്.

ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയോടെ വനംവകുപ്പും തെരച്ചിൽ ശക്തമാക്കി. ഉൾവനത്തിലെ പരിശോധനയിൽ നാട്ടുകാരും രാജന്റെ ബന്ധുക്കളും ഉണ്ടായിരുന്നു. തണ്ടർബോൾട്ട് സംഘവും ഇവർക്കൊപ്പം ചേർന്നു. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളിൽ തിരഞ്ഞത്.

അഞ്ച് ടീമുകളിലായി 120 പേരാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടർ ബോൾട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. രാജന്റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരംവരെ പോലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താൻ കഴിഞ്ഞില്ല.