മിസെെദ്:ഖത്തറിലെ മിസൈദില്‍  ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ രക്ഷപ്പെട്ടു.ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് , പൊന്നാനി മാറഞ്ചേരി സ്വദേശി റസാഖ്, മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷമീം എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ശരണ്‍ജിത്ത് ശേഖരന് സാരമായി പരിക്കേറ്റു.

സജിത്തിന്റെ ഭാര്യയ്‌ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കാര്യമായ പരുക്കില്ലെന്നാണ് വിവരം. ഇവര്‍ 3 പേരും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അല്‍ വക്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെ മൈതറില്‍ നിന്ന് മിസൈദിലെ സീലൈനില്‍ ഈദ് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു സംഘം.

രണ്ടു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതില്‍ ലാന്‍ഡ് ക്രൂസര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം കല്ലിലിടിച്ച് നിയന്ത്രണം വിട്ടുവെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ നല്‍കുന്ന വിവരം. സജിത്ത്, റസാഖ്, എം.കെ.ഷമീം എന്നിവര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു പരിക്കേറ്റവരെ എയര്‍ ആംബുലന്‍സിലാണ് അല്‍വക്രയിലെ ആശുപത്രിയില്‍ എത്തിച്ചത്.