കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഷിങ് മെഷീനില്‍ കുടുങ്ങിയ ബാലികയെ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അല്‍ ഖാദ്‌സിയ ഏരിയയിലെ ഒരു വീട്ടില്‍ കുട്ടി വാഷ് മെഷീനില്‍ കുടുങ്ങിയ വിവരം ബുധനാഴ്ചയാണ് കുവൈത്ത് അഗ്നിശമന സേനയ്ക്ക് ലഭിക്കുന്നത്.

ഉടന്‍ തന്നെ ഒരു സംഘം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും ബാലികയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. സുരക്ഷിതമായി കുട്ടിയെ പുറത്തെടുക്കാനായെന്നും കുട്ടിക്ക് പരിക്കുകളില്ലെന്നും കുവൈത്ത് ഫയര്‍ ഫോഴ്‌സ് ട്വിറ്ററില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും അഗ്നിശമന സേന പങ്കുവെച്ചിരുന്നു. മെഷീനില്‍ കുടുങ്ങിയ കുട്ടിയുടെ പ്രായം വ്യക്തമാക്കിയിട്ടില്ല.