ന്യുയോർക്ക് : സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ കേരളാ ടീമിനെ ഫൊക്കാന ഭാരവാഹികൾ അഭിനന്ദിച്ചു. ഏഴാം തവണ സന്തോഷ് ട്രോഫിയിൽ കേരളാ ടീം മുത്തമിടുമ്പോൾ അത് ലോകത്തിലെ എല്ലാ മലയാളികളുടെയും അഭിമാനത്തെ വാനോളമുയർത്തിയ ടീമാണ് കേരളാ ടീമെന്നും എല്ലാ മലയാളികളുടെയും സാക്ഷാത്ക്കാരമാണ് യാഥാർത്ഥ്യമായതെന്നും ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസും ജന. സെക്രട്ടറി സജിമോൻ ആന്റണിയും ട്രഷറർ സണ്ണി മറ്റമനയും  അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

ഫുട്ബോൾ ലോകത്താകമാനം ആരാധിക്കുന്ന കായിക വിനോദമാണ്. ഫുട്ബോളിനെ നെഞ്ചോട് ചർത്തുവെക്കുന്നവരാണ് മലയാളികൾ. പ്രഗൽഭമായ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ജനത അതിവസിക്കുന്നിടമാണ് കേരളം. ഇന്നലെ സന്തോഷ് ട്രോഫി മത്സരങ്ങൾ അരങ്ങേറിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കളികാണാനായി തിങ്ങിക്കൂടിയ ആയിരങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് രണ്ടു മണിക്കൂറിലേറെ നേരം കളി കണ്ടത്. ഇതെല്ലാം മലയാളിയുടെ ഫുട്ബോൾ പ്രണയത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് എന്നും ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. സന്തോഷ് ട്രോഫി വിജയിച്ച ഓരോ ഫുട്ബോൾ താരവും നാളയുടെ വാഗ്ദാനങ്ങളായി വളരട്ടെയെന്നും അവർക്ക് ഫൊക്കാനയുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.

പെനാൽട്ടി ഷൂട്ടൗട്ടിലാണ് കേരളം ബംഗാളിനെ കീഴടക്കിയത്. അത്യന്തം ഉദ്വേഗ ജനകമായിരുന്നു സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ട്.