യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കീവില്‍ വ്യോമാക്രമണം നടത്തിയതായി റഷ്യ. ഇത്തരത്തിലൊരു വ്യോമാക്രമണം നടന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗുട്ടറസിന്റെ കീവ് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ നടന്ന ആക്രമണം യു.എന്നിനെയും സംഘടനയെ പ്രതിനിധീകരിക്കുന്ന എല്ലാത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സേന വ്യാപകമായി യുദ്ധ കുറ്റങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെട്ട ബുച്ചയിലും കീവിന്റെ മറ്റ് പ്രാന്തപ്രദേശങ്ങളിലും വ്യോമാക്രണം നടക്കുന്നതിന് മുമ്പ് ഗുട്ടറസ് സന്ദര്‍ശനം നടത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് അന്താരാഷ്ട്ര നിയമങ്ങളോട് യാതൊരു ബഹുമാനവും ഇല്ലെന്നാണ് മനുഷ്യത്വരഹിതമായ ആക്രമണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ജര്‍മ്മനി ആരോപിച്ചു.

ബുച്ചയില്‍ നിന്ന് റഷ്യന്‍ സേനയുടെ പിന്‍മാറ്റത്തിന് ശേഷം 8,000ത്തിലധികം യുദ്ധ കുറ്റങ്ങളാണ് കണ്ടെത്തിയത്. ബുച്ചയില്‍ നിന്ന് മാത്രം ഡസന്‍ കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുദ്ധ കുറ്റങ്ങളില്‍ റഷ്യക്കെതിരെ അന്വേഷണം നടക്കുകയാണെന്നും യുക്രെയ്ന്‍ അറിയിച്ചു.

ആരോപണങ്ങള്‍ അന്വേഷിക്കുന്ന യുക്രെയ്ന്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. കീവ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന് ശേഷം കിഴക്കന്‍ മേഖലയായ ഡോണ്‍ബോസ് കേന്ദ്രീകരിച്ച് റഷ്യ ഇപ്പോള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.