ഡാളസ് : കെ എൽ എസ്സിന്റെ  “ഇതളുകൾ ” എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രസിദ്ധസാഹിത്യകാരനും സിനിമാ നിർമ്മാതാവും അഭിനേതാവുമായ ശ്രീ തമ്പി ആന്റണി നിർവ്വഹിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് ലെ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

വിവിധകലകളെയും വ്യത്യസ്ത  കലാകാരൻമാരുടെ  സൗന്ദര്യാത്മകമായ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുകവഴി എഴുത്തുകാരുടെ സർഗ്ഗാത്മകവും ഭാവനാത്മകവുമായ ചിന്തകൾ  പുസ്തകങ്ങളിലൂടെ സാമൂഹ്യ വികാസത്തിനു കാരണമാകണമെന്നും  സമൂഹചേതനയുടെ നന്മ കാത്തു സംരക്ഷിക്കുകയും ചെയ്യണമെന്ന് പരിപാടിയിലെ മുഖ്യാതിഥിയായ തമ്പി ആന്റണി അഭിപ്രായപ്പെട്ടു. കഥയിലെ കഥാപാത്രങ്ങളെ ഭാവനാസൃഷ്ടികളായി കാണുകയും ആസ്വദിക്കുകയും ചെയ്യണമെന്നും , എന്നാൽ അവയെ യാഥാർഥ്യവൽക്കരിച്ചു മനുഷ്യ മനസ്സിൽ സ്പർദ്ധ നിറക്കുകയാണെങ്കിൽ അത്‌ സമൂഹത്തിന്റെ നാശത്തിലേക്കു നയിക്കും എന്നും തമ്പി ആന്റണി അഭിപ്രായപ്പെട്ടു .

കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ട “ഇതളുകൾ “. നൂറ്റിയമ്പതിലേറെ താളുകളിൽ 20 ലേറെ പ്രവാസി എഴുത്തുകാരുടെ കാവ്യ- കഥാ- ലേഖനങ്ങളും, ചിത്രങ്ങളും, കാർട്ടൂണും സമ്പുഷ്ടമാക്കപ്പെട്ട ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ്  തമ്പി ആന്റണി കെ എൽ എസ്സ്‌ ഡാലസ്സിന്റെ സ്ഥാപകനേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിക്ക്‌ നൽകി പ്രകാശനം നടത്തി.  എഡിറ്റർ സാമൂവൽ യോഹന്നാൻ പുസ്തകപരിചയപ്പെടുത്തി സംസാരിച്ചു. എഴുത്തുകാരെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ സിജു. വി ജോർജ് അധ്യക്ഷനായിരുന്നു. ഹരിദാസ് തങ്കപ്പൻ സ്വാഗതവും അനശ്വരം മാമ്പിള്ളി നന്ദിയും പറഞ്ഞു.

തമ്പി ആന്റണി നാട്ടിലും അമേരിക്കയിലും പ്രസിദ്ധനായത്‌ അഭിനേതാവായതിനാലെന്നതു പോലെ തന്നെ മികച്ച ഒരു കഥാകാരനായതിനാലും ആണെന്നത്‌ നിസ്സംശയം പറയാം. കൂനമ്പാറക്കവല, വാസ്കോഡിഗാമ, ലേഡിബൈക്കർ തുടങ്ങിയ പുസ്തകങ്ങളും, അക്കൽദാമ്മ തുടങ്ങിയ നാടകങ്ങളും അദ്ദേഹത്തിന്റെ ധാരാളം രചനകളിൽ ചിലതുമാത്രം.  കേരളാ ലിറ്റററി സൊസൈറ്റി യുടെ ചിരകാലസുഹൃത്തായ തമ്പി ആന്റണിക്ക്‌ കെഎൽ എസ്‌ അംഗങ്ങൾ ഊഷ്മളമായ വരവേൽപ്പാണു ഇത്തരുണത്തിൽ സമ്മാനിച്ചതു

(അനശ്വരം മാമ്പിള്ളി )