ജന്മാന്തര രഹസ്യങ്ങളുടെ
തണുപ്പുറഞ്ഞതുപോലെ
അയാളുടെ വാക്കുകൾ
പിന്നെ, മനസ്സിനെ ഭയത്തിൻ്റെ
കയത്തിലേക്കെറിഞ്ഞ്
എന്തോ ഓർത്തിട്ടെന്നതു പോലെ
ഒന്നും മിണ്ടാതെ നിന്നു.

പുറത്ത് കരിനാഗത്തിൻ്റെ
ഫണം പോലെ
കറുത്തകൊടി ആടുന്നു
ഇരുട്ട് വേട്ടാളൻ കൂടുകൂട്ടിയ
ഇടുങ്ങിയ ഇടവഴിയിൽ നിന്ന്
ഞരക്കങ്ങളും, ശബ്ദങ്ങളും

ഏതോ പുരാതന ജീർണ്ണഗന്ധം
എങ്ങും തങ്ങിനിൽക്കുന്നു
കരിങ്കൊടി പൂർവ്വാദികം ശക്തിയിൽ
പാറിക്കൊണ്ടിരിക്കുന്നു
അയാളെവിടെ?!

മേശപ്പുറത്ത് വായിച്ചു പൂർത്തിയാക്കാതെ
താളുകൾ തുറന്ന ഒരു പുസ്തകം
അത് തൻ്റെ ജീവിതം തന്നെയെന്ന്
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു

…………….

രാജു കാഞ്ഞിരങ്ങാട്