ലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമ്മയായിട്ട് ഇന്നേക്ക് ആറ് വർഷം. നാട്ടുപുറത്തുകാരുടെ ജീവിതവും ആത്മാവും വളരെ ലളിതമായി തന്നെ നർമം കലർത്തി അദ്ദേഹം വായനക്കാരിലേക്ക് അവതരിപ്പിച്ചു. മലയാളികൾക്ക് എന്നും അദ്ദേഹം നാട്ടുഭാഷയുടെ കഥാകാരൻ ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ, ചലച്ചിത്ര നിരൂപകൻ തുടങ്ങി നിരവധി വിശേഷണങ്ങളാണ് അക്ബർ കക്കട്ടിലിന് സ്വന്തമായുള്ളത്.

നർമവും ആക്ഷേപഹാസ്യവും കൂടിക്കലർന്ന ഗുരുക്കന്മാരുടെ ധർമ സങ്കടങ്ങളും പ്രതിസന്ധികളും വരച്ചിടുന്ന അധ്യാപക കഥകൾ രണ്ട് കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഗ്രാമീണ ജീവിതത്തിന്റെ നന്മ തിന്മകളെ ലളിതമായ ഭാഷയിൽ ചിത്രീകരിക്കുന്നതായിരുന്നു ആ രചനകൾ. മാറിയ കാലത്തെ ജീവിതാനുഭവങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിച്ചു കക്കട്ടിൽ.

ക്ലാസ് മുറിയിൽ തനിക്ക് മുന്നിൽ കാതു കൂർപ്പിച്ചിരുന്ന കുട്ടികൾ വിശാലമായ കഥാലോകത്തെ കഥാപാത്രങ്ങൾ ആയിരുന്നു. നാട്ടുഭാഷയുടെ ലളിതമായ ശൈലിയിൽ അവയെല്ലാം നമുക്ക് മുന്നിലെത്തി. ഒരാളിലൂടെ ഒരു സമൂഹത്തിന്റെ മുഴുവൻ അനുഭവങ്ങളും കക്കട്ടിൽ പകർന്നു നൽകി. സർവീസ് സ്റ്റോറിയിലൂടെ പറഞ്ഞ കഥകളൊക്കെയും ഹൃദയത്തിൽ തൊടുന്നവയായിരുന്നു.

1954 ജൂലൈ 7-ന് കോഴിക്കോടു ജില്ലയിലെ കക്കട്ടിലിലാണ് അദ്ദേഹം ജനിച്ചത്. കാരൂർ നീലകണ്‌ഠപ്പിള്ളയ്‌ക്കുശേഷം അധ്യാപക കഥകളെഴുതി പ്രശസ്‌തനായ ചെറുകഥാകൃത്തായിരുന്നു കക്കട്ടിൽ. നോവലുകളും ചെറുകഥകളും ഉൾപ്പടെ 54 ഓളം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരുടെ കഥകളാണ് അക്‌ബർ പറഞ്ഞിരുന്നത്. അധ്യാപകകഥകൾ, മേധാശ്വം, ഈ വഴി വന്നവർ, നാദാപുരം’ എന്നിവ പ്രധാന ചെറുകഥാസമാഹാരങ്ങളാണ്. ‘മൃത്യുയോഗം’ എന്ന നോവലും ‘രണ്ടും രണ്ട്’ എന്ന നോവലെറ്റും രചിച്ചിട്ടുണ്ട്.