ന്യൂഡല്‍ഹി: ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസായ ‘നിയോകോവിന്’ മനുഷ്യ ശരീരത്തില്‍ നുഴഞ്ഞ് കയറാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘനടന.

ഈവൈറസിനെ സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവ് കണ്ടെത്തിയിരിക്കുന്നത്. ഇതു മനുഷ്യര്‍ക്കു ഭീഷണിയാകുമോയെന്നു കൂടുതല്‍ പഠനങ്ങള്‍ക്കുശേഷമേ വ്യക്തമാകൂവെന്നു ഡബ്ല്യുഎച്ച്‌ഒ വൃത്തങ്ങള്‍ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു.

ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാല്‍ വൈറസ് മനുഷ്യര്‍ക്ക് അപകടകരമാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച വിശദ പഠനത്തിന് ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. ‘മനുഷ്യരിലെ 75% പകര്‍ച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണ്. കൊറോണ വൈറസുകള്‍ പലപ്പോഴും വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ജീവികളിലാണ് കാണപ്പെടുന്നത്. ഇത്തരം പുതുതായി രൂപപ്പെടുന്ന വൈറസുകളെ സംബന്ധിച്ച്‌ നിരന്തരം വിലയിരുത്തുകയാണ്.’ ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. പുതിയതരം കൊറോണ വൈറസിനെക്കുറിച്ച്‌ വിവരംതന്ന ചൈനീസ് ഗവേഷകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കി.

കോവിഡ്-19ന് കാരണമായ സാര്‍സ് കോവ്2 വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ നിയോകോവിന് കഴിയും. ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാല്‍ വൈറസ് മനുഷ്യര്‍ക്ക് അപകടകരമാകും. 2012ല്‍ സൗദി അറേബ്യയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത മെര്‍സ് വൈറസുമായി സാമ്യമുള്ളതാണ് നിയോകോവ് എന്നാണു ചൈനീസ് ഗവേഷകരുടെ റിപ്പോര്‍ട്ട്‌.