കൊച്ചി: ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് കുട്ടികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ചയാണ് കാണാതായ കുട്ടികളെ മുഴുവൻ പോലീസ് പിടികൂടിയത്. ബെംഗളൂരു, മൈസൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് ആറ് പെൺകുട്ടികളെ കണ്ടെത്തിയത്. അതേസമയം കുട്ടികളെ കാണാതായ സംഭവം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ചിൽഡ്രൻസ് ഹോമിൽ പോലീസിന്റെ സുരക്ഷാ ഓഡിറ്റിങ് ആരംഭിച്ചു.

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പിന്നാലെ കാണാതായത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൃത്യമായ ആസൂത്രണത്തോടെ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. ഒളിച്ചോട്ടത്തിനിടെ കുട്ടികൾക്ക് പണം നൽകി, മറ്റ് സഹായങ്ങൾ ചെയ്തവരെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും കുട്ടികളുടെ മൊഴിയെടുക്കും.

ബെംഗളൂരുവിൽ നിന്നും ഒരു പെൺകുട്ടിയെ പിടികൂടവെ ഒപ്പം രണ്ട് യുവാക്കളെയും പോലീസ് പിടികൂടിയിരുന്നു. ഇവരെ വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടുമ്പോൾ കുട്ടികളുടെ കയ്യിൽ വളരെ തുച്ഛമായ പണം മാത്രമാണ് ഉണ്ടായിരുന്നത്. കയ്യിൽ മൊബൈൽ ഫോണും ഇല്ലായിരുന്നു. ഇവർക്ക് സാമ്പത്തിക സഹായം ഏതെല്ലാം മാർഗങ്ങളിൽ നിന്നുണ്ടായെന്ന അന്വേഷണത്തിലാണ് പോലീസ്. പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.