കൊറോണ മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ കാര്യത്തിൽ വൻ വർധന. 2021ൽ സ്വർണത്തിന്റെ ഉപഭോഗം 79 ശതമാനം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. മഞ്ഞ ലോഹത്തിന്റെ ആവശ്യം 2020 ൽ 446.4 ടണ്ണിൽ നിന്ന് കഴിഞ്ഞ വർഷം 797.3 ടണ്ണായി ഉയർന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ വെളളിയാഴ്‌ച്ച ഇറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.

2021ൽ സ്വർണ്ണാഭരണ ഡിമാൻഡ് ഏകദേശം ഇരട്ടിയായി. ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 610.9 ടണ്ണിലെത്തി, മുൻവർഷത്തെ 315.9 ടണ്ണിൽ നിന്ന് 93 ശതമാനം വർദ്ധനവ്. സാമ്പത്തിക വർഷത്തിൽ നാലാം പാദത്തിൽ ആഭരണങ്ങളുടെ ആവശ്യം 93 ശതമാനം ഉയർന്ന് 265 ടണ്ണായി. 2021ൽ ഇന്ത്യയിലെ ആഭരണങ്ങളുടെ ആവശ്യകത 2,61,140 കോടി രൂപയായി ഉയർന്നു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 96 ശതമാനം വർധന.

2020ലെ 349.5 ടണ്ണിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത സ്വർണം ഇരട്ടിയിലധികം വർധിച്ച് 924.6 ടണ്ണായി. നാലാം പാദത്തിൽ സ്വർണ ഇറക്കുമതി 25 ശതമാനം ഉയർന്ന് 208.4 ടണ്ണായി. നാലാം പാദത്തിൽ സ്വർണ നിക്ഷേപത്തിന്റെ ആവശ്യകത എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 79 ടണ്ണിലേക്ക് ഉയർന്നു. ഈ വർഷത്തെ മൊത്തം നിക്ഷേപ ആവശ്യം 43 ശതമാനം ഉയർന്ന് 186.5 ടണ്ണായി.

2021ലെ ആഗോള സ്വർണ ഡിമാൻഡ്, ഓവർ-ദി-കൗണ്ടർ ട്രേഡുകൾ ഒഴികെ 4,021 ടണ്ണായി വർധിച്ചു. നാലാം പാദത്തിൽ ഡിമാൻഡ് 50 ശതമാനം ഉയർന്ന് 1,147 ടണ്ണിലെത്തി. പണപ്പെരുപ്പവും മഹാമാരിയും മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും കാരണം ചില്ലറ നിക്ഷേപകർ സുരക്ഷിത താവളമൊരുക്കാൻ ശ്രമിച്ചതിനാൽ സ്വർണ്ണ ബാറിന്റെയും നാണയത്തിന്റെയും ആവശ്യകത 31 ശതമാനം ഉയർന്ന് എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,180 ടണ്ണിലെത്തി.