ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന് ചിന്തിക്കുന്നവർ നമുക്ക് ചുറ്റിനുമുള്ള ലോകത്ത് ഒരു സിക്ക് ലീവ് പോലും എടുക്കാതെ തുടർച്ചയായി ഒരേ കമ്പനിയിൽ ഒരു തൊഴിലാളി ജോലി ചെയ്‌തെന്ന് കേട്ടാലോ? അതും ഒന്നും രണ്ടും വർഷമല്ല, നീണ്ട 70 വർഷമാണ് ഒരേ കമ്പനിയിൽ ഒരാൾ ഒരു ലീവ് പോലും എടുക്കാതെ ജോലി ചെയ്തത്!

ആശ്ചര്യം തന്നെ അല്ലേ. ബ്രയാൻ ചോർലി എന്ന 85 കാരനാണ് ഇത്ര ആത്മാർത്ഥയോടെ ജോലി ചെയ്ത തൊഴിലാളി.അദ്ദേഹത്തിന് 15 വയസുള്ളപ്പോഴാണ് ഇംഗ്ലണ്ടിലെ സോമർസെറ്റിലെ സ്ട്രീറ്റിലുള്ള സി & ജെ ക്ലാർക്ക് എന്ന ഷൂ ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. 1953 ൽ ജോലി ചെയ്യാൻ ആരംഭിച്ച അദ്ദേഹം അടുത്തെങ്ങും വിവരമിക്കാനും ഉദ്ദേശിക്കുന്നില്ല എന്നാണ് പറയുന്നത്.

സ്‌കൂൾ അവധിക്കാലത്ത് കുടുംബത്തെ സഹായിക്കുന്നതിനായി ജോലി ചെയയാൻ ആരംഭിച്ചതാണ് ബ്രയാൻ.ആഴ്ചയിൽ 45 മണിക്കൂർ ജോലി ചെയ്ത ശേഷം ബ്രയാന് ആദ്യമായി ലഭിച്ച ശമ്പളം രണ്ട് പൗണ്ടും മൂന്ന് ഷില്ലിംഗുമാണ്. അതിൽ നിന്ന് ഒരു പൗണ്ട് അമ്മയ്‌ക്ക് കൊടുത്തുവെന്ന് ബ്രയാൻ പറുന്നു. 1980 കളിൽ കമ്പനി ഫാക്ടറി അടച്ച് പ്രീമിയം ക്ലാർക്‌സ് വില്ലേജ് ഷോപ്പിംഗ് ഔട്ട്ലെറ്റായി പുനർവികസിപ്പിച്ചു. 1993-ൽ ഷോപ്പിംഗ് സെന്റർ തുറന്നപ്പോൾ അദ്ദേഹം പിന്നീട് അവിടെ പ്രവർത്തിക്കാൻ തുടങ്ങി.

താൻ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വെറുതെ വീട്ടിലിരിക്കുന്നത് ചിന്തിക്കാൻ കൂടി കഴിയില്ലെന്ന് ബ്രയാൻ പറഞ്ഞു. തങ്ങളുടെ കമ്പനിയിലെ ഏറ്റവും വിശ്വസ്തനായ കഠിനാധ്വാനിയായ ജോലിക്കാരൻ എന്നാണ് ബ്രയാനെക്കുറിച്ച് കമ്പനി അധികൃതർ വിശേഷിപ്പിക്കുന്നത്.എന്തായാലും ബ്രയന്റെ കഥ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.