ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെ സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വുഹാനിലെ ഗവേഷക സംഘമാണ് നിയോകോവ് വൈറസിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഇക്കാര്യത്തിൽ പ്രതികരിക്കുക്കയായിരുന്നു ലോകാരോഗ്യ സംഘടന.

നിയോകോവ് വൈറസിനെക്കുറിച്ചുള്ള ഗവേഷണവും കണ്ടെത്തലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മനുഷ്യനിലേക്ക് പടരാൻ സാധ്യതയുണ്ടോയെന്നും മനുഷ്യരാശിക്ക് അപകടമാണോയെന്നും അറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിർണായകമായ ഗവേഷണ പ്രബന്ധം പങ്കുവെച്ച ചൈനീസ് ഗവേഷകർക്ക് നന്ദിയുണ്ടെന്നും സംഘടന പറഞ്ഞു.

മനുഷ്യരിലെ 75% പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നും ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വവ്വാലുൾപ്പെടെയുള്ള മൃഗങ്ങളിൽ കാണപ്പെടാറുണ്ട്. ഇത്തരത്തിൽ ഉയർന്നുവരുന്ന ‘സൂനോട്ടിക്’ വൈറസുകളെ നേരിടാൻ സംഘടന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസുകളെയാണ് ‘സൂനോട്ടിക്’ വൈറസ് എന്ന് വിശേഷിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിലാണ് വുഹാൻ സർവകലാശാലയിലെ ഗവേഷകരുടെ സംഘം നിയോകോവ് എന്ന പുതിയ തരം വൈറസ് കണ്ടെത്തിയത്. ഈ വൈറസ് അതീവ അപകടകാരിയാണെന്നും ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയായേക്കുമെന്നും പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നിയോകോവിന് കഴിയുമെന്നാണ് കണ്ടെത്താൽ. അപ്രകാരം സംഭവിച്ചാൽ വൈറസ് ബാധിക്കുന്ന മൂന്നിൽ ഒരാളും മരിക്കാനിടയുണ്ടെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വവ്വാലുകൾക്കിടയിൽ കണ്ടെത്തിയ നിയോകോവ് വൈറസിന് ഒരു പരിവർത്തനം കൂടി സംഭവിച്ച് കഴിഞ്ഞാൽ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കാനാകും. ഈ കണ്ടെത്തലിൽ കൂടുതൽ പഠനങ്ങൾക്ക് ഒരുങ്ങുകയാണ് റഷ്യൻ ഗവേഷകർ ഉൾപ്പെടെയുളളവർ.