കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിക്കുക. ദിലീപിന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനം അറിയിച്ചേക്കുമെന്നാണ് വിവരം.

ഫോൺ കൈമാറിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയികുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഫോൺ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിന് കൈമാറാനാകില്ലെന്ന് കാണിച്ച് ദിലീപ് മറുപടി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് മൊബൈൽ ഹൈക്കോടതി രജിസ്ട്രാറിന് കൈമാറണമെന്ന നിർദ്ദേശം ഇന്നലെ കോടതി മുന്നോട്ട് വെച്ചിരുന്നു.

എന്നാൽ മൊബൈൽ കോടതിയ്‌ക്ക് കൈമാറിയാൽ തങ്ങളെ സംശയനിഴലിലാക്കിയെന്ന പ്രചാരണം ഉണ്ടാകുമെന്നാണ് ദിലീപ് മറുപടി നൽകിയത്. മാത്രമല്ല അത് പിന്നെ ഒരു കീഴ്വഴക്കമാകും. അത് ഭരണഘടന വിരുദ്ധമാണ്. എല്ലാത്തിനും വിശദമായ മറുപടി നൽകുമെന്നും ദിലീപ് അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ട് ഇങ്ങനെ പറയാനാകുമോ എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ചോദ്യം.

ദിലീപ് അടക്കമുള്ളവർ ഉപയോഗിച്ച ഫോണുകൾ പിടിച്ചെടുക്കാനുള്ള എല്ലാ ശേഷിയും അധികാരവും അന്വേഷണ സംഘത്തിനുണ്ട്. കോടതി നൽകിയിരിക്കുന്ന സംരക്ഷണം മാത്രമാണ് തടസ്സം. അതിനാൽ ഈ ഏഴ് ഫോണുകൾ അന്വേഷണ സംഘത്തിന് ഉടൻ കൈമാറാൻ നിർദ്ദേശിക്കണമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപെട്ടു. അതേസമയം ഫോൺ രേഖകൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ദീലിപിന്റെ അഭിഭാഷകൻ വാദിച്ചു.