ഒമിക്രോണ്‍ കോവിഡ് -19ന്റെ അവസാനമായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്ന മറ്റൊരു വകഭേദം ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

അതേസമയം, നേരത്തെ ഒരു സാധാരണ പനിയായി ഒമിക്രോണിനെ കണ്ടിരുന്നുവെങ്കിലും അത് അങ്ങനെയല്ല എന്ന് ഒമിക്രോണ്‍ വ്യപനത്തിലൂടെ തെളിയിക്കപ്പെടുന്നു. കഴിഞ്ഞയാഴ്ച 2.1 കോടി കോവിഡ് കേസുകളാണ് ലോകത്തുണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് മൂന്നാം തരംഗം എത്രത്തോളം തീവ്രമാണ് എന്നതിന്റെ സൂചനയാണ്.

കഴിഞ്ഞയാഴ്ച കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ലോകാരോഗ്യ സംഘടനയിലെ കോവിഡ് 19ന്റെ ടെക്നിക്കല്‍ ഹെഡ് മരിയ വാന്‍ കെര്‍ഖോവ് സോഷ്യല്‍ മീഡിയയില്‍ ഒരു തത്സമയ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. മറ്റ് വകഭേദങ്ങളുടെ അത്രയും അപകടകാരിയല്ല ഒമിക്രോണ്‍ എന്നതാണ് ആശ്വാസമെന്നും അവര്‍ പറഞ്ഞു.

കോവിഡിന്റെ അടുത്ത വകഭേദം ഒമിക്രോണിനേക്കാള്‍ വേ​ഗത്തില്‍ പടരുന്നതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥന്‍ അടുത്തിടെ പറഞ്ഞിരുന്നു. Omicron, Delta, Gamma, Beta, Alpha തുടങ്ങിയ മുന്‍ വകഭേദങ്ങളേക്കാള്‍ അടുത്ത വകഭേദം അപകടകരമാണ്. ഇത് വളരെ വേഗത്തില്‍ വ്യാപിക്കാം.

അടുത്ത വകഭേദം ജീവന് കൂടുതല്‍ ഭീഷണിയായിരിക്കുമോ അതോ അപകടകാരിയാകുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് മരിയ പറഞ്ഞു. വകഭേദം കാലക്രമേണ അപകടം കുറഞ്ഞ സ്ട്രെയിനുകളിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന ചിന്ത ഒഴിവാക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അത് നിസ്സാരമായി കാണരുതെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വാക്സിനും ചിലപ്പോള്‍ ഈ വകഭേദത്തെ തടയാന്‍ സാധിക്കാതെ വന്നേക്കാമെന്നും മരിയ പറഞ്ഞു.