എല്ലാവരും ക്വാറന്റൈനില്‍ പവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ കേസുകളുടെ 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തിന് മുകളില്‍ തുടരുകയാണ്. എന്നാല്‍ ഐസിയു വേണ്ടിവരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡ്കളിലും രോഗികളുടെ വര്‍ധനവ് കൂടുതലായി ഇല്ല. 9.6 ശതമാനം രോഗികളാണ് സ്വകാര്യ ആളുപത്രികളിലെ ഐ.സി.യുവില്‍ ഉള്ളത് എന്നും മന്ത്രി പറഞ്ഞു.

15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 70 ശതമാനം പൂര്‍ത്തിയായി. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാം വാക്‌സിന്‍ 100 ശതമാനം എടുത്തു. രണ്ടാം ഡോസ് 84 ശതമാനത്തിന് മുകളില്‍ എടുത്തു. മൂന്നാം തരംഗം ഒന്നില്‍ നിന്നും രണ്ടില്‍ നിന്നും വ്യത്യസ്തമാണ്. മൂന്നാം തരംഗത്തിന് വ്യപന ശേഷി കൂടുതലാണ്. എന്നാല്‍ ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്ബോള്‍ തീവ്രത കുറവാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗികള്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം പരമാവധി ഉപയോഗിക്കുക. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലങ്കില്‍ ആശുപത്രിയില്‍ നേരിട്ട് പോകേണ്ട കാര്യമില്ല. എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ഇന്ന് മുതല്‍ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

ജനുവരി ആദ്യ ആഴ്ചയില്‍ നിന്ന് നാലാം ആഴ്ചയിലേക്ക് എത്തുമ്ബോള്‍ രോഗവ്യാപനത്തില്‍ കുറവുണ്ട്. വുഹാനില്‍ കണ്ടെത്തിയ നിയോ കോവ് വകഭേദത്തിന് അടിസ്ഥാനമില്ല. ലോകാരോഗ്യ സംഘടന പോലും ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ട്. ജനുവരി ഒന്നാം ആഴ്ച്ച-45 ശതമാനം. രണ്ടാം ആഴ്ച്ച- 148 മൂന്നാം ആഴ്ച്ച -215 ശതമാനം. നാലാം ആഴ്ച്ച- 71 ശതമാനം എന്നിങ്ങനെയാണ് ഒമിക്രോണ്‍ വര്‍ധനവ്. വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ എല്ലാവരിലും പടരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.