ടെഗുസിഗാല്‍പ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി സിയോമാര കാസ്ട്രോ സത്യപ്രതിജ്ഞ ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് തലസഥാനമായ ടെഗുസിഗാല്‍പയിലെ ദേശീയ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് ഹോണ്ടുറാസ് ജനങ്ങള്‍ പങ്കെടുത്തു. കഴിഞ്ഞ നവംബര്‍ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ലിബ്രെ പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചാണ് 62 കാരിയായ കാസ്ട്രോ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

ഹോണ്ടുറാസില്‍ മുന്‍ ഭരണകൂടത്തിന് കീഴില്‍ വ്യാപകമായിരുന്ന അഴിമതിയും അസമത്വവും ഇല്ലാതാക്കുമെന്നും ദാരിദ്ര്യനിര്‍മാജനത്തിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തില്‍ കാസ്ട്രോ പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളുടെ വര്‍ധന , ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധികള്‍ എന്നീ വെല്ലുവിളികളെ പരിഹരിക്കുമെന്നും കാസ്ട്രോ വാഗ്ദാനം ചെയ്തു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് കമല ഹാരിസടക്കം നിരവധി രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹോണ്ടുറാസ് നാഷണല്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് കാസ്ട്രോ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം 20 വിമത അംഗങ്ങള്‍ തങ്ങളുടെ കൂട്ടാളികളിലൊരാളായ ജോര്‍ജ് കാലിക്‌സിനെ താല്‍ക്കാലിക ഹോണ്ടുറാന്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്റായി നിര്‍ദേശിച്ചത് നിയമസഭയില്‍ കൈയ്യാങ്കളിക്ക് വഴിവെച്ചിരുന്നു. ഹോണ്ടുറാസ് സര്‍ക്കാറിന്റെ നിയമനിര്‍മാണ ശാഖയാണ് ഹോണ്ടുറാസ് നാഷണല്‍ കോണ്‍ഗ്രസ്.