അമേരിക്കയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച്‌ സംസാരിക്കുന്ന പോസ്റ്റില്‍ ടെസ്‌ലയുടെ പേര് പരാമര്‍ശിക്കാത്തതിന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്.

അമേരിക്കകാര്‍ വിഡ്ഢികളാണെന്നപോലെയാണ് ജോ ബൈഡന്‍ പെരുമാറുന്നതെന്ന് മസ്‌ക് ആരോപിച്ചു. ഇലക്‌ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെയും എയ്‌റോസ്‌പേസ് നിര്‍മ്മാതാക്കളായ സ്‌പേസ് എക്‌സിന്‍റെയും സ്ഥാപകനാണ് ഇലോണ്‍ മസ്‌ക്.

അമേരിക്കയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ട്വിറ്റര്‍ പോസ്റ്റില്‍ ‘വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് , ജനറല്‍ മോട്ടോഴ്സ് കമ്ബനികള്‍ മുമ്ബത്തേക്കാള്‍ കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്’ എന്നാണ് ബൈഡന്‍ പറഞ്ഞത്. തന്‍റെ കമ്ബനിയെ പരാമര്‍ശിക്കാത്ത പോസ്റ്റിന് മറുപടിയായി ടെസ്‌ല എന്നെഴുതി മസ്ക്ക് ഇതിനോട് പ്രതികരിച്ചു. മറ്റൊരു ട്വീറ്റില്‍, ബൈഡന്‍ മനുഷ്യരൂപത്തിലുള്ള നനഞ്ഞ സോക്സ് പാവയെ പോലെയാണന്നും മസ്ക്ക് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ജോ ബൈഡന്‍ പ്രധാന കാര്‍ നിര്‍മാണ കമ്ബനികളായ ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ് മോട്ടോര്‍ എന്നിവയുടെ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന മസ്‌കിനെ ഈ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയിരുന്നു.