റെയില്‍വെ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് കാണാതായ നാല് കുട്ടികളെ മണിക്കൂറുകള്‍ക്കകം അമ്മക്കരിലെത്തിച്ച്‌ മുംബൈ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഉജ്ജ്വല്‍ ആര്‍കെ.

ജനുവരി 26 ന് താനെ പാല്‍ഘാര്‍ ജില്ലയിലെ മീരാ ഭയന്ദര്‍-വസായ് വിരാര്‍ പൊലീസ് കമ്മീഷണറേറ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തിന്‍റെ ഭാഗമായി മീരാ റോഡ് മുതല്‍ ഗെയ്റ്റ് വേ ഓഫ് ഇന്ത്യ വരെ സൈക്കിള്‍ സവാരി നടത്തിയ എം.ബി.ബി.വി പൊലീസ് അംഗങ്ങള്‍ തിരിച്ച്‌ വരുമ്ബോള്‍ ചര്‍ച്ച്‌ ഗേറ്റ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറുകയായിരുന്നു. അന്ധേരി സ്റ്റേഷനില്‍ എത്തിയപ്പോളാണ് രണ്ട് സ്ത്രീകള്‍ കരഞ്ഞുക്കൊണ്ട് ട്രെയിനില്‍ കയറുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

കാര്യമന്വേഷിച്ചപ്പോള്‍ ഭര്‍തൃ മാതാവിന്‍റെയും ആറിനും 11 നും ഇടയില്‍ പ്രായമുള്ള നാല് മക്കളുടെയും കൂടെ ട്രെയിന്‍ കയറാന്‍ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നെന്നും വണ്ടി എത്തിയപ്പോള്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ മക്കള്‍ കൈവിട്ടു പോവുകയായിരുന്നെന്നുമുള്ള വിവരം അവര്‍ പൊലീസിനെ അറിയിച്ചു.

വിവരമറിഞ്ഞയുടന്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഉജ്ജ്വല്‍ ആര്‍ക്കെ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ ലോക്കല്‍ ട്രെയിന്‍ റൂട്ടിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരിലേക്കും വിവരമറിയിക്കുകയും ചെയ്തു. തിരച്ചില്‍ ആരംഭിച്ച പൊലീസ് സംഘം ബോറിവാലി സ്റ്റേഷനില്‍ വെച്ച്‌ രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന നാല് കുട്ടികളെയും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്​ മൂന്ന് ആണ്‍ക്കുട്ടികളും ഒരു പെണ്‍ക്കുട്ടിയുമടക്കം നാല് കുട്ടികളെയും പൊലീസ് മാതാവിനും മുത്തശ്ശിക്കും അരികിലെത്തിച്ചു. സമയോചിതമായി ഇടവെടുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തതിന്​ ഉജ്ജ്വല്‍ ആര്‍കെയെ അഭിനന്ദിക്കുകയാണ്​ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും.