കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടല്‍ കൊള്ളയടിക്കുന്നതിനിടെ രണ്ടു ജീവനക്കാരെ വധിച്ച യുവാവിന്റെ വധശിക്ഷ ഇന്ന് നടപ്പാക്കും.

യു.എസിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷയാണിത്.

2001-ലാണ് ഡൊണാള്‍ഡ് ഗ്രാന്‍ഡ് 25 കാരന്‍ ഹോട്ടല്‍ കൊള്ളയടിക്കുന്നതിനിടെ ജീവനക്കാരെ വെടിവെച്ചു വീഴ്ത്തിയത്. വെടിയേറ്റ ഒരാള്‍ തല്‍ക്ഷണം മരിച്ചു. വെടിയേറ്റു വീണ രണ്ടാമത്തെയാളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ലാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്.

മാനസിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ നിരവധി അപ്പീലുകള്‍ നല്‍കിയെങ്കിലും അധികൃതര്‍ തള്ളുകയായിരുന്നു. മദ്യപാനിയായ പിതാവില്‍ നിന്ന് ചെറുപ്പകാലത്തുണ്ടായ ക്രൂരപീഡനങ്ങളുടെ ഫലമായി മാനസികവൈകല്യമുണ്ടെന്നായിരുന്നു ഇയാളുടെ വാദം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യു.എസില്‍ വധശിക്ഷകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 23 സംസ്ഥാനങ്ങളില്‍ ഇതിനകം വധശിക്ഷ നിരോധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്.