ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പോരാട്ടത്തിൽ പുതിയൊരു നാഴികകല്ലുകൂടി. ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി.

രാജ്യത്തെ ഒൻപത് നഗരങ്ങളിലാണ് പരീക്ഷണം നടത്തുകയെന്നാണ് വിവരം. കോവിഷീൽഡ് സ്വീകരിച്ച 2,500 പേരിലും കൊവാക്‌സിൻ സ്വീകരിച്ച 2,500 പേരിലൂമാണ് വാക്‌സിൻ പരീക്ഷിക്കുക.

രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാണ് മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽകുക. ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാകുന്നതോടെ മാർച്ച് മാസത്തിൽ രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന നേസൽ ബൂസ്റ്റർ വാക്‌സിൻ അവതരിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

കഴിഞ്ഞ മാസം ഡിസംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന നേസൽ വാക്‌സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.