ഇംഗ്ലണ്ടിന്റെ വൈദിക ചരിത്രത്തിലേക്ക് മലയാളി പെരുമ. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി റവറന്റ് ലൂക്കോസ് വർഗ്ഗീസ് മുതലാളി എന്ന സാജുവാണ് സ്ഥാനമേറ്റത്. 42 കാരനായ സാജുവെന്ന് വിളിക്കുന്ന ബിഷപ്പ് ലൂക്കോസ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങി ലാണ് ചുമതലയേറ്റത്. ആർച്ച്ബിഷപ്പ് ഓഫ് കാന്റർബറി ജസ്റ്റിൻ വെൽബിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്.

 

പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശുപാർശയിൽ ബ്രിട്ടീഷ് രാജ്ഞി എലി സബത്ത് രണ്ടിന്റെ അനുമതിയോടെയാണ് വൈദിക സമൂഹം പ്രഖ്യാപനം നടത്തിയത്. ലെസ്റ്റർഷെയറിലെ എന്റർബീയിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് അക്കാദമി വൈദികരുടേയും മറ്റ് പ്രതിനിധികളുടേയും നേതൃത്വത്തിൽ ഇനി ആചാരപരമായ ചടങ്ങുകൾ നടക്കും. ഫെബ്രുവരി 5നാണ് സാജു ബിഷപ്പ് ഓഫ് ലോഫ്ബറോ എന്ന സ്ഥാനപ്പേരിൽ അവരോധിതനാക്കപ്പെടുക.

ലോകത്തിലെ നിരവധി പേരുടെ പ്രാർത്ഥനയാണ് ഈ സേവനത്തിനായി തനിക്ക് അവസരം നൽകിയതെന്ന് ബിഷപ്പ് ലൂക്കോസ് എന്ന സാജു പറഞ്ഞു. വിവാഹി തനായ സാജുവിന്റെ രണ്ട് മക്കളായ സിപ്പും അബ്രഹാമും കുടുംബാംഗ ങ്ങൾക്കൊപ്പം ചടങ്ങിൽ സംബന്ധിച്ചു. നാലുമക്കളാണ് സാജുവിന് ആകെയുള്ളത്. ഭാര്യ കാത്തിയും ചടങ്ങിലുണ്ടായിരുന്നു.

കേരളത്തിൽ ജനിച്ച സാജു പഠിച്ചത്  ബാംഗ്ലൂരിലാണ്. ബാംഗ്ലൂരിൽ നഴ്‌സായിരുന്നു സാജുവിന്റെ മാതാവ്. തുടർന്നാണ് ഓക്‌സ്‌ഫോർഡിലേക്ക് സാജു വൈദിക പഠനത്തിനായി എത്തിച്ചേർന്നത്. 21 വർഷമായി സാജു ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. നിലവിൽ ഗില്ലിൻഹാമിലെ സെന്റ് മാർക്‌സ് പള്ളിയിലെ വികാരിയായി പ്രവർത്തിച്ചുവരികയായിരുന്നു.