ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിന് കാരണമായ ഒമൈക്രോണിന്റെ ഉപവകഭേദമായ ബിഎ 2 ഇന്ത്യയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. അതിവേഗം പടരുന്ന ഒമൈക്രോണിനേക്കാള്‍ പലമടങ്ങ് വ്യാപനശേഷി കൂടുതലാണ് ഉപവകഭേദമായ ബിഎ 2 വിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് നേരത്തെ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമൈക്രോണ്‍. ഒമൈക്രോണിന്റെ രണ്ട് ഉപവകഭേദങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. ബിഎ 1 ഉം, ബിഎ 2ഉം. ബിഎ 1 വേരിയന്റെ അപേക്ഷിച്ച് ബിഎ 2 വകഭേദം രാജ്യത്ത് പിടിമുറുക്കുകയാണ്.

അതേസമയം ഒമൈക്രോണിന്റെ ബിഎ 3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് വ്യക്തമാക്കി. നേരത്തെ രാജ്യാന്തര യാത്രക്കാരിലെ സാംപിള്‍സ് സീക്വന്‍സിങ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഒമൈക്രോണിന്റെ ബിഎ1 ഉപവകഭേദമാണ് കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ബിഎ2 ഉപവകഭേദം രാജ്യത്ത് കൂടുതലായി കണ്ടു വരുന്നുണ്ട്. ബിഎ 2 വകഭേദം പിടിമുറുക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണ് പുതിയ ഉപവകഭേദത്തിനെന്നും സുജിത് സിങ് പറഞ്ഞു.

ഇതുവരെ നടത്തിയ ജെനോം സീക്വന്‍സിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമൈക്രോണ്‍ കേസുകള്‍ കൂടുതൽ. ജനുവരിയില്‍ ഇതുവരെ 9672 ഒമൈക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്. രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും സുജിത് സിങ് പറഞ്ഞു.