ഫിലഡൽഫിയ∙ സ്റ്റേറ്റ് അറ്റോണി ജനറൽ സ്ഥാനാർഥി ജാരെഡ് സോളമനെ വിൻസന്റ് ഇമ്മാനുവേലിന്റെ രാഷ്ട്രീയ സുഹൃത് സഖ്യം എൻഡോഴ്സ് ചെയ്തു. പെൻസിൽവേനിയ പ്രതിനിധി സഭയിലെ അംഗമാണ് ജാരെഡ് സോളമൻ (ഡെമോക്രാറ്റിക് പാർട്ടി). ഡിസ്ട്രിക്റ്റ് 202-നെ പ്രതിനിധീകരിക്കുന്നു. സ്വാർത്ത്‌മോർ കോളേജിൽ ബിരുദവും, വില്ലനോവ ലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും നേടി. അറ്റേണിയായും യുഎസ് ആർമി ജാഗ് കോർപ്സ് (JAG Corps) റിസർവ് ഓഫീസറായും ജാരെഡ് സോളമൻ സേവനം ചെയ്തിട്ടുണ്ട്. (ആർമിയുടെ നിയമസഹായ വിഭാഗമാണ് ആർമി ജാഗ് കോർപ്സ്).

ജാരെഡ് സോളമൻ കാഴ്ച വച്ച, രാഷ്ട്രീയ-സാമൂഹ്യ-നിയമ-ജ്ഞാന-പ്രവർത്തനങ്ങളുടെ തിളക്കം, അദ്ദേഹം, സ്റ്റേറ്റ് അറ്റേണി ജനറൽ പദവിയ്ക്ക്, യോജിച്ച വ്യക്തിത്വമാണ് എന്നതിന്, മതിയായ തെളിവാണ്: വിൻസൻ്റ് ഇമ്മാനുവേൽ അഭിപ്രയപ്പെട്ടു. പെൻസിൽവേനിയാ കോമൺ‌വെൽത്തിലെ പൗരന്മാരെയും ജനോപകാരസ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനും വിപുലമായ ഉത്തരവാദിത്തങ്ങളാണ് അറ്റോണി ജനറൽ പദവിയ്ക്കുള്ളത്.


Jared-and-Vincent

ക്രിമിനൽ ലോ ഡിവിഷൻ, പബ്ലിക് പ്രൊട്ടക്ഷൻ ഡിവിഷൻ, സിവിൽ ഡിവിഷൻ, ഓപ്പറേഷൻസ് ഡിവിഷൻ എന്നിങ്ങനെ നാല് ഓഫീസുകളിലൂടെ, പെൻസിൽവേനിയാ സംസ്ഥാനത്തിൽ, നൂറുകണക്കിന് പ്രോസിക്യൂട്ടർമാരും, അറ്റേണിമാരും, ഇൻവെസ്റ്റിഗേറ്റർമാരും, ഏജന്റുമാരും, സപ്പോർട്ട് സ്റ്റാഫും, മറ്റനേകം ജീവനക്കാരും ഉൾക്കൊള്ളുന്ന, സർവീസ് നിരയാണ് അറ്റേണി ജനറലിന്റെ ദൗത്യ നിർവഹണത്തിനുള്ളത്. ഈ ചുമതലകൾക്കെല്ലാം മേൽ നോട്ടം വഹിക്കുവാൻ ജാരെഡ് സോളമൻ മികച്ച സ്ഥാനാർഥിയാണ്: വിൻസന്റ് കൂട്ടിച്ചേർത്തു.

ജാരെഡ് സോളമൻ, നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ സ്ഥിര താമസം. അദ്ധ്യാപികയായിരുന്നു അമ്മ. “എല്ലാ നിവാസികൾക്കും സേവനം ലഭ്യമാകുന്ന ഫിലഡൽഫിയ” എന്നതാണ്, ജാരേഡിൻ്റെ രാഷ്ട്രീയ ലക്ഷ്യം. പെൻസിൽവേനിയ കോമൺ വെൽത്തിൻ്റെ 202- ാ മത്തെ ഡിസ്ട്രിക്റ്റിന്റെ, സംസ്ഥാന പ്രതിനിധിയായി, 42 വർഷക്കാലം തുടർന്നു പോന്ന, മാർക്ക് ബി കോഹനെ പരാജയപ്പെടുത്തി, ജാരെഡ് ചരിത്രം സൃഷ്ടിച്ചു. കമ്മ്യൂണിറ്റി സേവനം, നല്ല സർക്കാർ, ‘എല്ലാവർക്കും ഒരു ഫിലഡൽഫിയ’ എന്നിവയോടുള്ള പ്രതിബദ്ധതയാണ് ഒരു നിയമസഭാംഗമെന്ന നിലയിൽ ജാരെഡിന്റെ മുൻഗണനകളെ നയിക്കുന്നത്. ഈ തത്ത്വങ്ങൾ പിന്തുടർന്ന്, ഫിലഡൽഫിയയിലെ സർവകുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങൾക്കായി, എതിർ രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയോടെ, പക്ഷപാത രാഷ്ട്രീയം മാറ്റിവയ്ക്കുന്നതിൽ, അദ്ദേഹം മുന്നിലാണ്. താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ആറ് പ്രധാന നിയമനിർമ്മാണങ്ങൾ പാസ്സാക്കാൻ കഴിഞ്ഞത്, ജാരെഡിന്റെ രാഷ്ട്രീയത്തൊപ്പിയിലെ വർണ്ണത്തൂവലുകളാണ്.

തൊഴിൽ ശക്തി വികസനത്തിൽ നിക്ഷേപം, വിമുക്തഭടന്മാർക്കുള്ള സഹായം, ഗൺ വയലസിനെതിരെയുള്ള പോരാട്ടം, അമേരിക്കയുടെ 250-ാം ജന്മദിനത്തിൽ (2026 ജൂലൈ 4), രാജ്യത്തെയും ലോകത്തെയും പെൻസിൽവേനിയയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കമ്മീഷനെ സൃഷ്ടിക്കുന്നകാര്യങ്ങൾ, (പെൻസിൽവേനിയ കമ്മീഷൻ ഫോർ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് സെമിക്വിൻസെന്റനിയൽ- AMERICA 250PA: പെൻസിൽവേനിയ സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രവും വൈവിധ്യവും ആഘോഷിക്കുന്നു; 2019 സെപ്റ്റംബർ 17-ന് ഹാരിസ്ബർഗിൽ കമ്മീഷൻ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു), സംസ്ഥാന സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ബിസിനസുകൾക്കായി ഏകജാലക സംവിധാനം, കോവിഡ്-19 കാലഘട്ടത്തിൽ പെൻസിൽവേനിയയിലെ ഏറ്റം ദുർബല ജനവിഭാഗങ്ങൾക്ക് ധന സഹായം നൽകുന്ന പദ്ധതികൾ, പാൻഡെമിക് സമയത്ത് ചെറുകിട ബിസിനസ്സുകളെ സ്ഥിരപ്പെടുത്തുന്ന നടപടികൾ എന്നിവയാണ്, ജാരെഡ് ഉൾപ്പെടെയുള്ളവർ മുൻ കൈയ്യെടുത്ത, പ്രധാന നിയമനിർമ്മാണങ്ങൾ. സ്റ്റേറ്റ് അറ്റേണി ജനറലിൻ്റെ ചുമതല വളരെ ബൃഹത്തായതിനാൽ, മികച്ച സാരഥിക്കേ, ആ പദവിയോട് പൂർണ്ണനീതി പുലർത്താനാവൂ എന്നതാണ്, ജാരെഡിൻ്റെ പ്രസക്തിയെ ബലവത്താക്കുന്നത്.

മയക്കുമരുന്ന് കടത്ത്, കുട്ടികളോടുള്ള അതിക്രമങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, പൊതു അഴിമതി, ഇൻഷുറൻസ് തട്ടിപ്പ്, മറ്റ് ക്രിമിനൽ ലംഘനങ്ങൾ എന്നിവ അന്വേഷിക്കുന്നതിന് സ്റ്റേറ്റ് അറ്റേണി ജനറലിന്റെ മേൽനോട്ടത്തിലുള്ള ക്രിമിനൽ ലോ ഡിവിഷന് ഉത്തരവാദി രവാദിത്തമുണ്ട്. പെൻസിൽവേനിയയിലെ 67 ജില്ലാ അറ്റേണിമാരോ മറ്റ് വിവിധ സർക്കാർ ഏജൻസികളോ അറ്റേണി ജനറലിന്റെ ഓഫിസിലേക്ക് റഫർ ചെയ്യുന്ന ക്രിമിനൽ കേസുകളും ഈ ഡിവിഷൻ കൈകാര്യം ചെയ്യുന്നു.

സ്റ്റേറ്റ് അറ്റേണി ജനറലിന്റെ ഭരണനിർവഹണമേഖലയിലുള്ള പബ്ലിക് പ്രൊട്ടക്ഷൻ ഡിവിഷൻ, പെൻസിൽവേനിയയിലെ പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കുകയും പൊതുതാൽപ്പര്യം സംരക്ഷിക്കുകയും ചെയ്യുന്നു. ബ്യൂറോ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ, ഹെൽത്ത് കെയർ സെക്ഷൻ എന്നിവ വഴി ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നു. പുകയില സംബന്ധമായ നിയമങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ഓർഗനൈസേഷനുകൾ, ആന്റിട്രസ്റ്റ് പ്രവർത്തനങ്ങൾ, പൗരാവകാശ നിർവഹണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു.

സ്റ്റേറ്റ് അറ്റേണി ജനറലിന്റെ നിയന്ത്രണത്തിലുള്ള സിവിൽ ലോ ഡിവിഷൻ, പെൻസിൽവേനിയ സംസ്ഥാനത്തിലെ നിയമങ്ങളുടെ ഭരണഘടനാ സാധുതയെ പ്രതിരോധിക്കുന്നു, കോമൺ‌വെൽത്ത് ഏജൻസികളെ പ്രതിനിധീകരിക്കുന്നു, നികുതി അപ്പീലുകളിൽ കോമൺ‌വെൽത്തിനെ പ്രതിരോധിക്കുന്നു, പെൻസിൽ വേനിയാ സംസ്ഥാനത്തിന് നികുതിദായകർ നൽകേണ്ട നികുതി കുടിശ്ശികകളും മറ്റ് കടങ്ങളും ശേഖരിക്കുന്നു, വിവിധ അപ്പീലുകളും അവലോകനങ്ങളും നിയമസാധുതാ പരിശോനകളും ചെയ്യുന്നു.

സ്റ്റേറ്റ് അറ്റേണി ജനറലിന്റെ ചുമതലയിലുള്ള ഓഫീസ് ഓഫ് പബ്ലിക് എൻഗേജ്‌മെന്റ് പെൻസിൽവേനിയയിലുടനീളമുള്ള കമ്മ്യൂണിറ്റികളിലെ കുറ്റകൃത്യങ്ങൾ തടയുന്നു. ഓഫീസ് ഓഫ് പബ്ലിക് എൻഗേജ്‌മെന്റ് ഓഫീസ്, യുവാക്കളെയും മാതാപിതാക്കളെയും മയക്കുമരുന്ന് ആസക്തിയെക്കുറിച്ച് പഠിപ്പിക്കുകയും, തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ എന്തു ചെയ്യണമെന്ന് ബോധവത്ക്കരിക്കുകയും ചെയ്യുന്നു.