തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നി ജില്ലകളെയാണ് പുതുതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. കൂടാതെ, തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍ തുടരും.

സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ പൊതുപരിപാടികള്‍ അനുവദിക്കില്ല. തീയറ്റര്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കില്ല. ആരാധനാലയങ്ങളില്‍ ഓണ്‍ലൈനായി മാത്രം ആരാധന നടത്താം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. ട്യൂഷന്‍ ഉള്‍പ്പെടെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചു.

കൊറോണ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ കാറ്റഗറിയായി തിരിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം ഒന്നു മുതല്‍ ഒന്‍പത് വരെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഷിക പരീക്ഷകളില്‍ എഴുത്തുപരീക്ഷകളാകും ആദ്യം നടത്തുക. പ്രാക്ടിക്കല്‍ പരീക്ഷ പീന്നീട് നടത്താനും തീരുമാനമായിട്ടുണ്ട്.