ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് ആയുധങ്ങള്‍ സ്വന്തമാക്കി പാകിസ്താന്‍.ചൈനീസ് നിര്‍മ്മിത ഹോവിസ്റ്ററുകളുടെ ആദ്യ ബാച്ചാണ് പാകിസ്താന്‍ ചൈനയില്‍ നിന്ന് സ്വീകരിച്ചത്.512 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചാണ് പാകിസ്താന്‍ ചൈനയില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ വാങ്ങിയത്.

 

ഇന്ത്യയുടെ കൈവശമുള്ള ശക്തിയേറിയ കെ- 9 വജ്ര ഹോവിസ്റ്ററുകളോട് പിടിച്ച്‌ നില്‍ക്കാനാണ് പാകിസ്താന്‍ തിരക്കുപിടിച്ച്‌ ആയുധങ്ങള്‍ സ്വന്തമാക്കിയതെന്നാണ് വിവരം.ഇന്ത്യയെ തടുക്കാന്‍ ഒറ്റയ്‌ക്കാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പാകിസ്താന്‍ ചൈനീസ് ആയുധങ്ങളുടെ സഹായം സ്വീകരിക്കുന്നതെന്നാണ് പരക്കെയുള്ള സംസാരം.

AR-1 ഹെവി റോക്കറ്റ് ലോഞ്ചറുകള്‍ക്ക് പുറമെ 236 SH-15 155 mm വാഹനം ഘടിപ്പിച്ച ഹോവിറ്റ്സറുകള്‍ വിതരണം ചെയ്യുന്നതിനായി 2019 ലാണ് പാകിസ്താന്‍ ചൈനീസ് ആയുധ കമ്ബനിയായ നോറിങ്കോയുമായി കരാര്‍ ഒപ്പിട്ടത്. പീരങ്കികള്‍ക്ക് പുറമേ, 53 കിലോമീറ്റര്‍ പരിധിയിലുള്ള എക്സ്റ്റന്‍ഡഡ് റേഞ്ച് പീരങ്കി ഷെല്ലുകള്‍, ഗൈഡഡ് പീരങ്കി ഷെല്ലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ആയുധങ്ങള്‍ക്കുള്ള വിതരണവും സാങ്കേതിക കൈമാറ്റവും കരാറില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

നിലവിലുള്ള ഭൂരിഭാഗം റഡാറുകള്‍ക്കും ഹൈപ്പര്‍സോണിക് മിസൈല്‍ ട്രാക്കുചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ റാവല്‍പിണ്ടിയിലെ ബാലിസ്റ്റിക് മിസൈല്‍ സംവിധാനം ശക്തമാക്കുന്നതിനാണ് ചൈന പാകിസ്താന് DF-17 മൊബൈല്‍, ഖര ഇന്ധനമുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ വിതരണം ചെയ്യുന്നത്