പഞ്ചാബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ നിന്നും വിട്ടുനിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. പൊതുപരിപാടിയ്ക്ക് തങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് എംപിമാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. ജസിര്‍ സിംഗ് ഗില്‍, രവ്‌നീത് സിംഗ് ബിട്ടു, മനീഷ് തിവാരി, പ്രണീത് കൗര്‍, മുഹമ്മദ് സാദിഖ് എന്നീ ജനപ്രതിനിധികളാണ് പരിപാടിയില്‍ നിന്നും വിട്ടുനിന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ റാലികള്‍ തടഞ്ഞതിനുശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തുന്നത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തിയാണ് രാഹുല്‍ ഭക്ഷണം കഴിച്ചത്. മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോയും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം താന്‍ പ്രാര്‍ഥിച്ചു എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ ചിത്രം പങ്കുവെച്ചത്. നവി സോച്ച് നവ പഞ്ചാബ് എന്ന പേരില്‍ കോണ്‍ഗ്രസ് ജലന്ദറില്‍ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ റാലിയിലും രാഹുല്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹം ജാലിയന്‍ വാലാബാഗും സന്ദര്‍ശിച്ചു.