ന്യൂഡൽഹി : എയർ ഇന്ത്യ എയർലൈൻസ് ടാറ്റ ഗ്രൂപ്പിന് ഔദ്യോഗികമായി കൈമാറിയതിന് പിന്നാലെ നന്ദിയറിയിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. എയർ ഇന്ത്യ തിരികെ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇതിനെ ലോകോത്തര നിലവാരമുള്ള എയർലൈനാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എയർലൈൻ ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോടാണ് ചന്ദ്രശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്.

എയർ ഇന്ത്യയുടെ സുവർണ്ണ കാലമാണ് വരാനിരിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം എയർ ഇന്ത്യ കുടുംബത്തിന് കത്തും എഴുതി. ഇന്ന് നമ്മുടെ യാത്ര ആരംഭിക്കുന്നു. എല്ലാവർക്കും വീണ്ടും സ്വാഗതം. ഏതൊരു കാര്യത്തെയും മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന്, നിരന്തരമായ മാറ്റം ആവശ്യമാണെന്ന് ഏറെ കാലത്തെ പരിചയത്തിലൂടെ മനസ്സിലാക്കി. മഹത്തായ ചരിത്രത്തെ നാം ആദരിക്കേണ്ടത് പുതിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ്. നാം ഒന്നിച്ച് പ്രവർത്തിച്ചാൽ എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് രാജ്യം മുഴുവനും. നമ്മുടെ രാജ്യത്തിന് ആവശ്യമായ എയർലൈൻ നിർമ്മിക്കുന്നതിന് ഭാവിയുമായി നാം പൊരുത്തപ്പെടണമെന്നും ടാറ്റ സൺസ് ചെയർമാൻ കത്തിൽ പറഞ്ഞു.

കൈമാറ്റത്തിന് മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒകടോബറിലാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യ ടാറ്റയ്‌ക്ക് വിറ്റത്. 18,000 കോടി രൂപയ്‌ക്കായിരുന്നു കൈമാറ്റം. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില. സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം മുന്നോട്ടുവെച്ച 15,100 കോടി രൂപ മറികടന്നാണ് ടാറ്റ എയർ ഇന്ത്യ സ്വന്തമാക്കിയത്.