കൊവിഡ് വാക്സീന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. കൊവാക്സീനും (Covaxin)  കോവിഷീല്‍ഡിനുമാണ് (Covishield Vaccine) വാണിജ്യ അനുമതി നല്‍കിയത്. ഉപാധികളോടെയുള്ള വാണിജ്യ അനുമതിയാണ് നല്‍കിയത്. ഇതോടെ രണ്ട് വാക്സീനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. മരുന്ന് ഷോപ്പുകളിൽ വാക്സീൻ ലഭ്യമാകില്ല. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ വിവരങ്ങൾ ആറുമാസം കൂടുമ്പോൾ ഡിസിജിഐയെ അറിയിക്കണം. കോവിൻ ആപ്പിലും വിവരങ്ങൾ നൽകണം. കൊവാക്സീന്‍റെയും കൊവിഷീൽഡിന്‍റെയും വിപണി വില ഏകീകരിച്ച് 425 രൂപ ആക്കിയേക്കുമെന്നാണ് സൂചന.

അതേസമയം രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി നൽകുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രം പുനപരിശോധിക്കും. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും കരുതൽ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നല്‍കുന്നത് തുടരും. എന്നാൽ ഇതിന് പുറമെയുള്ളവർക്ക് ബൂസ്റ്റർ ഡോസ് തല്‍ക്കാലം നൽകില്ലെന്നാണ് സൂചന. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് ഇന്ത്യയിൽ പിന്തുടരേണ്ടതില്ല എന്നാണ് ഇക്കാര്യത്തിൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

ലോകത്ത് ഒമിക്രോൺ തരംഗത്തിൽ മൂന്ന് ഡോസ് വാക്സീൻ സ്വീകരിച്ചവർക്കും രോഗം ബാധിച്ചു. ഇന്ത്യയിൽ രോഗത്തിന്‍റെ തീവ്രത കുറയ്ക്കാൻ രണ്ട് ഡോസ് വാക്സീൻ തന്നെ സഹായിച്ചുവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. വാക്സീനേഷനുള്ള കേന്ദ്ര സമിതി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുമായി ഇക്കാര്യം ചർച്ച ചെയ്തു. ബൂസ്റ്റർ ഡോസ് സംബന്ധിച്ച നയം ലോകാരോഗ്യ സംഘടന ഉടൻ പുറത്തിറക്കും. അതുവരെ കാത്തിരിക്കാനാണ് ഇപ്പോൾ കേന്ദ്രത്തിന്‍റെ തീരുമാനം.