സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവം.

ബഡ്ജറ്റിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളിലാണ് ഇടത് സര്‍വീസ് സംഘടനകള്‍ ഈ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ വാങ്ങുന്നവരുടെ വിരമിക്കല്‍ പ്രായം 60 ആണെന്നിരിക്കെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും വിരമിക്കല്‍ പ്രായം 60 ആയി നിജപ്പെടുത്തണം എന്നാണ് സിപിഎം അധ്യാപക സംഘടനയും സര്‍വീസ് സംഘടനകളും ആവശ്യപ്പെടുന്നത് എന്നാണ് സൂചനകള്‍.

അതേസമയം, ഒറ്റയടിക്ക് 60 വയസായി വിരമിക്കല്‍ പ്രായം നിജപ്പെടുത്താതെ ഓരോ വര്‍ഷവും ഓരോ വര്‍ഷം വെച്ച്‌ കൂട്ടിയാല്‍ മതിയെന്നാണ് ഇടത് യുവജന സംഘടനകളുടെ നിലപാട് എന്നും വിവരമുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷത്തിരുന്നപ്പോള്‍ തങ്ങള്‍ സമരം നടത്തിയിരുന്നതാണെന്നും ഇപ്പോള്‍ ഒറ്റയടിക്ക് പെന്‍ഷന്‍ പ്രായം 60 വയസ് ആക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കും എന്നുമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ധനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. ഏതായാലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂടി കൂട്ടിയാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ബാധ്യത കുറച്ചുകാലം നീട്ടി വയ്ക്കാമെന്ന ന്യായീകരണമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.പ്രതിവര്‍ഷം ഏകദേശം 20000 ലധികം ജീവനക്കാരാണ് വിരമിക്കുന്നത്. മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കൂടുതല്‍ പേരും പെന്‍ഷന്‍ പറ്റുന്നത്. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഇവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭാരിച്ച തുകതന്നെ സര്‍ക്കാറിനു കണ്ടെത്തേണ്ടി വരും.നിലവില്‍ കടമെടുത്താണ് ശമ്ബളവും പെന്‍ഷനും നല്‍കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കി വര്‍ദ്ധിപ്പിക്കണമെന്ന് ശമ്ബള പരിഷ്ക്കരണ കമ്മീഷനും സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ തൊഴിലില്ലാത്ത ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ വികാരം കണക്കിലെടുത്ത് ഇതിന്മേലുള്ള തീരുമാനം മാറ്റി വയ്ക്കുകയാണുണ്ടായത്.ഇതില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിട്ട കാലത്തുപോലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഇനിയും ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ധനകാര്യ വകുപ്പ് സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നും തിരിച്ച്‌ വന്നതിന് ശേഷം നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാകും. സിപിഎം തീരുമാനം എടുത്താല്‍ ഡിവൈഎഫ്‌ഐയും എതിര്‍ക്കാന്‍ വഴിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് 2013 ഏപ്രില്‍ ഒന്നു മുതലാണ്. അന്നു മുതല്‍ സര്‍വ്വീസില്‍ കയറുന്നവരുടെ സര്‍വ്വീസ് ബുക്കില്‍ വിരമിക്കല്‍ പ്രായം 60 ആണ്. അതിന് മുമ്ബ് സര്‍വ്വീസില്‍ കയറിയവര്‍ക്ക്56 വയസും. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിക്കുന്നവര്‍ക്ക് ഇപ്പോള്‍ നാമമാത്രമായ തുകയാണ് പെന്‍ഷനായി കിട്ടുന്നത്. ഇരുപത് വര്‍ഷത്തിലേറെ സര്‍വ്വീസില്ലാത്തവര്‍ക്ക് ഇത് പ്രയോജനകരമല്ല. മുപ്പത് വര്‍ഷം സര്‍വ്വീസ് കഴിഞ്ഞ് വിരമിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം രൂപ നല്‍കുന്നുണ്ട്. കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയാണ് വിരമിക്കല്‍ ആനുകൂല്യം. അതേ സമയം സാറ്റ്യൂട്ടറി പെന്‍ഷന്‍കാര്‍ക്ക് കുറഞ്ഞത് 17ലക്ഷം രൂപ കിട്ടുന്നുണ്ട്. കുറഞ്ഞ പെന്‍ഷനായി 5000 രൂപയും .

പങ്കാളിത്ത പെന്‍ഷന്‍

ജീവനക്കാരുടെ ശമ്ബളത്തിന്റെ പത്തുശതമാനവും അത്രയുംതുക സര്‍ക്കാരും ചേര്‍ത്തുണ്ടാക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കും. ഈ നിക്ഷേപത്തിന്റെ വരുമാനത്തിന് ആനുപാതികമായാണ് പെന്‍ഷന്‍. മിനിമം പെന്‍ഷന്‍ ഇല്ല.

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍

പെന്‍ഷന്‍ പൂര്‍ണമായി സര്‍ക്കാര്‍ നല്‍കും.വിരമിക്കുന്നതിന് തൊട്ടുമുമ്ബ് വാങ്ങുന്ന ശമ്ബളത്തിന്റെ പകുതി പെന്‍ഷനായി കിട്ടുമെന്ന് ഉറപ്പാണ്. മിനിമം പെന്‍ഷന്‍ 5000രൂപ.

സംസ്ഥാനത്തെ ജീവനക്കാര്‍ സര്‍ക്കാര്‍- 377065
എയ്ഡഡ്-138574
ആകെ – 515639
പെന്‍ഷന്‍പ്രായം 60 – 148000
പെന്‍ഷന്‍പ്രായം 56 – 367000
സാറ്റ്യൂട്ടറ്ററി പെന്‍ഷന്‍ വാങ്ങുന്നവര്‍ -438535
പങ്കാളിത്തപെന്‍ഷന്‍ വാങ്ങുന്നവര്‍ -1500