ന്യൂഡല്‍ഹി: കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ സ്ത്രീകള്‍ പരസ്യമായി മര്‍ദ്ദിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുപതുവയസുകാരിയാണ് ബലാത്സംഗത്തിനിരയായത്.

യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും, മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. അതിനുശേഷം ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാളാണ് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.

 

 

പ്രദേശത്തെ അനധികൃത മദ്യ വില്‍പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും, ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് ട്വീറ്റില്‍ പറയുന്നത്. യുവതിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദ്ദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.