ബ്രിട്ടനില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല. രാജ്യത്ത് ഇനി മാസ്ക് നിര്‍ബന്ധമല്ല. നിശാക്ലബ്ബുകളിലേക്കും മറ്റ് വലിയ വേദികളിലേക്കും പ്രവേശിക്കുന്നതിന് കോവിഡ് പാസുകള്‍ വേണമെന്ന നിയമവും റദ്ദാക്കി.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ രോഗങ്ങളും കോവിഡ് ആശുപത്രിവാസവും കുറഞ്ഞതിനാലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയത്.

വര്‍ക്ക് ഫ്രം ഹോമും ക്ലാസ് മുറികളില്‍ മാസ്ക് ധരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നീക്കിയിരുന്നു. “പ്ലാന്‍ ബി” എന്ന് വിളിക്കപ്പെടുന്ന നടപടികള്‍ ഡിസംബര്‍ ആദ്യം ഒമിക്രോണ്‍ വ്യാപനം തടയുന്നതിനും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആളുകള്‍ക്ക് സമയം അനുവദിക്കുന്നതിനുമാണ്.

സര്‍ക്കാരിന്റെ വാക്‌സിന്‍ റോളൗട്ട്, ടെസ്റ്റിംഗ്, ആന്‍റിവൈറല്‍ ചികിത്സകളുടെ വികസനം എന്നിവയിലൂടെ യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തിന് ആയിട്ടുണ്ടെന്നും അതിനാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇത് സഹായിക്കുന്നുവെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. കോവിഡിനൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചെങ്കിലും ഈ വൈറസ് ഇല്ലാതാകുന്നില്ലെന്ന ബോധ്യം ഉണ്ടാവണമെന്നും ജാ​ഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രോ​ഗവ്യാപനം കുറയുന്നുണ്ടെങ്കിലും രാജ്യത്തുടനീളം കുട്ടികളിലും പ്രായമായവരിലും ഒമിക്രോണ്‍ വ്യാപകമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുകെയില്‍ 12 വയസ്സിന് മുകളിലുള്ളവരില്‍ 84 ശതമാനം പേര്‍ക്കും രണ്ടാമത്തെ വാക്‌സിന്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്നും അര്‍ഹരായവരില്‍ 81 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ആശുപത്രി പ്രവേശനവും തീവ്രപരിചരണ വിഭാഗത്തിലുള്ള ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കൂടാതെ പുതുവര്‍ഷത്തില്‍ പ്രതിദിനം 2 ലക്ഷം എന്ന കണക്കില്‍ നിന്ന് 1 ലക്ഷത്തില്‍ താഴെ പ്രതിദിന കേസുകള്‍ എന്ന നിലയിലേക്ക് ആയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്ക് ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നാണ് ചില കട ഉടമകളും പൊതുഗതാഗത ഓപ്പറേറ്റര്‍മാരും പറയുന്നത്.

അതേസമയം തലസ്ഥാനത്ത് ബസുകളിലും സബ്‌വേ ട്രെയിനുകളിലും മാസ്ക് ധരിക്കുന്നത് ഇപ്പോഴും ആവശ്യമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. രോ​ഗം ബാധിച്ചവര്‍ 5 ദിവസം സ്വയം ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദേശവും ഉടന്‍ നീക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രോഗബാധിതര്‍ക്ക് ജാഗ്രത പാലിക്കാനുള്ള ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് -19 നെ ഇന്‍ഫ്ലുവന്‍സ പോലെ കൈകാര്യം ചെയ്യുന്ന ദീര്‍ഘകാല, പോസ്റ്റ്-പാന്‍ഡെമിക് തന്ത്രം ആസൂത്രണം ചെയ്യുകയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വന്തം പൊതുജനാരോഗ്യ നിയമങ്ങള്‍ ഉണ്ടാക്കുന്ന സ്കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയും സമാനമായി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.