വാഷിങ്​ടണ്‍: ഉക്രൈനെ നാറ്റോ സഖ്യത്തില്‍ നിന്നും വിലക്കണമെന്ന റഷ്യയുടെ ആവശ്യം നിരസിച്ച്‌ അമേരിക്ക.

ഉക്രൈന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ റഷ്യ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. റഷ്യയ്ക്ക് ഇളവ് നല്‍കില്ലെന്നും പ്രശ്നം പരിഹരിക്കുന്നതിനായി നയതന്ത്ര വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈന്‍ വിഷയത്തില്‍ തങ്ങളുടെ ആശങ്കകള്‍ റഷ്യ യു.എസുമായി പങ്കുവെച്ചിരുന്നു. ഉക്രൈയ്നും മറ്റു പല രാജ്യങ്ങളും സഖ്യത്തില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയണമെന്ന് റഷ്യ യു.എസിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഉക്രൈയ്ന്റെ പരമാധികാരം സംരക്ഷിക്കുക എന്നതിനാണ് യു.എസ് ലക്ഷ്യമിടുന്നതെന്ന് ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. നാറ്റോ പോലുള്ള സുരക്ഷാ സഖ്യങ്ങളില്‍ ചേരാനുള്ള ഉക്രൈയ്ന്റെ
അവകാശത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. അധിനിവേശ സാധ്യതകള്‍ റഷ്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, അതിര്‍ത്തിയിലെ സേനാവിന്യാസം മറിച്ചുളള സൂചനയാണ് നല്‍കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടാങ്കുകളും മിസൈലുകളും ഉള്‍പ്പെടെയാണ് ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിരിക്കുന്നത്.